Latest News

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം കൂടുതല്‍ ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. മല്‍സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധനയാത്രയുടെ സമാപനം കുറിച്ചാണ് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി നടത്തിയത്.

ഹാര്‍ബറില്‍ നിന്ന് ആരംഭിച്ച റാലി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ഫഌഗ് ഓഫ് ചെയ്തു. മൂന്നരയോടെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് തുടങ്ങിയ ജനബോധന യാത്ര നാലരയോടെയാണ് തുറമുഖ കവാടത്തിന് മുന്നിലെത്തിയത്. വൈദികരും, സന്യസ്തരും, വിശ്വാസികളും, മല്‍സ്യത്തൊഴിലാളികളും അടക്കം പതിനായിരങ്ങള്‍ ബഹുജന റാലിയില്‍ പങ്കാളികളായി. പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവരുമെത്തി. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

പദ്ധതി മല്‍സ്യത്തൊഴിലാളികളെയും തീരത്തെയും ഇല്ലാതാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരും അദാനിയും ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന സമയം വിദൂരമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ജനബോധന റാലിക്കിടെ മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സമരക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിലര്‍ ബാരിക്കേഡ് മറിച്ചിട്ടു. സമരം ശക്തമാക്കുന്നതിന് ആഹ്വാനവുമായി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്.

നിലവില്‍ തുടരുന്ന തിങ്കളാഴ്ച മുതല്‍ ഉപവാസ സത്യഗ്രഹസമരം 24 മണിക്കൂറാക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ 250 പേരും രാത്രി 75 പേരും ധര്‍ണയില്‍ നാളെ മുതല്‍ ഒക്ടോബര്‍ മൂന്നുവരെ പങ്കെടുക്കും. തുറമുഖ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. 21 മുതല്‍ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സമരം തുടങ്ങും.

സംസ്ഥാനത്തെ ക്വാറികളും പരിസ്ഥിതി ദുര്‍ബല മേഖലകളും കേന്ദ്രീകരിച്ച് സമരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ദേശീയതലത്തിലേക്കും സമരം വ്യാപിപ്പിക്കും. മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിന്‍.എച്ച് പെരേര പറഞ്ഞു.

Next Story

RELATED STORIES

Share it