Latest News

ഭൂമി തരം മാറ്റം: ഏഷ്യാനെറ്റ് വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മര്‍കസ് നോളജ് സിറ്റി

ഭൂമി തരം മാറ്റം: ഏഷ്യാനെറ്റ് വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മര്‍കസ് നോളജ് സിറ്റി
X

കോഴിക്കോട്: നോളജ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഭൂമി തരം മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മര്‍കസ് നോളജ് സിറ്റി മീഡിയ വിഭാഗം അറിയിച്ചു.

''വാര്‍ത്തയില്‍ വിശദീകരിക്കുന്ന പ്രകാരം നോളജ് സിറ്റി പദ്ധതിക്ക് 1,500 ഏക്കര്‍ ഭൂമിയില്ല. കേരളത്തിന്റെ പൊതുവായും കോടഞ്ചേരി പ്രദേശത്തിന്റെ പ്രത്യേകിച്ചുമുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍, ആതുരാലയം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, പാര്‍പ്പിട സൗകര്യം എന്നിങ്ങനെ വിവിധ സംരംഭങ്ങളുടെ കൂടിച്ചേരലാണ് മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മര്‍കസ് നേരിട്ട് നടത്തുകയും മറ്റുള്ളവ സമാന മനസ്‌കരായ സംരംഭകര്‍, മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍, പ്രസ്ഥാന ബന്ധുക്കള്‍ എന്നിവര്‍ കൂടിച്ചേര്‍ന്നുമാണ് നോളജ് സിറ്റി എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നത്.''

''വസ്തുതാ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍ അറിഞ്ഞോ അറിയാതെയോ ചില നിക്ഷിപ്ത താത്പര്യക്കാരുടെ കൈയാളുകളായി മാറുകയായിരുന്നു. കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകളോ അതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതി വിധികളോ അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഭൂപരിഷ്‌കരണ നിയമപ്രകാരം തരം മാറ്റപ്പെട്ട ഭൂമിയുടെ വിനിയോഗം, ഭൂമിയുടെ വിസ്തൃതി എന്നിവയെ ആശ്രയിച്ചാണ് വിവിധ നിയമങ്ങള്‍ ബാധകമാവുക. വകുപ്പ് 81(1)(e) ഇളവുപ്രകാരമുള്ള ഭൂമിയുടെ തരം മാറ്റത്തെയും അവയുടെ വിനിയോഗത്തെയും ഉടമസ്ഥാവകാശത്തേയും കുറിച്ച് കേരള ഹൈക്കോടതിയുടെ വിധികള്‍ നിലവിലുണ്ട്. മര്‍കസ് നോളജ് സിറ്റി പദ്ധതി ഭൂമിക്ക് പരിപൂര്‍ണ നിയമപ്രാബല്യമുണ്ടെന്ന വസ്തുത ഈ വിധികള്‍ വ്യക്തമാക്കുന്നു.''

''വിവിധ പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ച് ചിലര്‍ നോളജ് സിറ്റിക്കെതിരെ നേരത്തെ ഹരിത െ്രെടബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പദ്ധതി സന്ദര്‍ശിക്കുകയും പഠനം നടത്തിയ ശേഷം അനുകൂല റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ പരിസ്ഥിതി, വനസംരക്ഷണം, ജലസേചനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മേധാവികളെ ഹരിത െ്രെടബ്യൂണല്‍ ചുമതലപ്പെടുത്തുകയും ഈ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലെ രേഖകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷം പരിപൂര്‍ണമായും അനുകൂല റിപോര്‍ട്ട് നല്‍കിയ ശേഷമാണ് ഹരിത െ്രെടബ്യൂണല്‍ നോളജ് സിറ്റി നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. ഭൂമി തരം മാറ്റം തുടങ്ങിയ ആരോപണങ്ങള്‍ അന്നത്തെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ റിപോര്‍ട്ടുകളും രേഖകളും പരിശോധിച്ച് ഹരിത െ്രെടബ്യൂണല്‍ നോളജ് സിറ്റി നിര്‍മാണത്തില്‍ നിയമ വിരുദ്ധമായ ഒന്നുമില്ലെന്ന് കണ്ടെത്തി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്.''

''കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മലയോര മേഖലയില്‍ വിദ്യഭ്യാസ, തൊഴില്‍, വാണിജ്യ രംഗത്ത് മികച്ച മുന്നേറ്റം നടത്തുവാന്‍ മര്‍കസ് നോളജ് സിറ്റിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും നടക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകള്‍ ഇവിടെ തൊഴില്‍ ചെയ്യുന്നുണ്ട്. കൂടാതെ അനേകം പേര്‍ക്ക് പരോക്ഷമായും മര്‍കസ് നോളജ് സിറ്റി ജീവനോപാധി നല്‍കുന്നുണ്ട്. പ്രദേശവാസികളുടെ പരിപൂര്‍ണ പിന്തുണയോടടെയാണ് നോളജ് സിറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.'' കോടഞ്ചേരി പഞ്ചായത്തിലെ ആയിരക്കണക്കിനു ഏക്കറുകളില്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണങ്ങളിലൂടെ പ്രദേശ വാസികളുടെ ഭൂക്രയവിക്രയങ്ങള്‍ സങ്കീര്‍ണമാക്കാനും ജീവിതോപാധികള്‍ക്ക് തടയിടാനുള്ള ഗൂഢാലോചന കരുതിയിരിക്കേണ്ടതാണെന്നും മര്‍കസ് നോളജ് സിറ്റിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയമപരമായാണ് നടന്നു വരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മര്‍ക്കസ് അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it