Latest News

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഭൂ നിയമം അസാധുവായി; ശ്രീനഗറില്‍ 15 കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്

. ഭൂ രഹിതര്‍ക്ക് സര്‍ക്കാര്‍ ജന്മിമാരില്‍ നിന്നും പിടിച്ചെടുത്ത് നല്‍കിയ ഭൂമി 50 വര്‍ഷത്തിനു ശേഷം അവര്‍ക്കു തന്നെ തിരികെ നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണകൂടം നടത്തുന്നത്. ഇത് ആയിരക്കണക്കിനു കശ്മീകികളെ ഭൂരഹിതരാക്കി മാറ്റാനിടയാക്കും എന്ന വിമര്‍ശനം ഉയരുന്നുണ്ട്.

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഭൂ നിയമം അസാധുവായി; ശ്രീനഗറില്‍ 15 കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്
X

ശ്രീനഗര്‍: ശ്രീനഗറിലെ നിഷാത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 15 കുടുംബങ്ങളോട് കുടിയൊഴിയാന്‍ അധികാരികളുടെ നിര്‍ദ്ദേശം. പൊലീസും പട്വാരിയും (ഭൂമി രേഖകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍) ചേര്‍ന്ന് ഇവരോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വീടുകള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി 'ഫ്രീ പ്രസ് കശ്മീര്‍' റിപോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നവരെയാണ് കുടിയൊഴിപ്പിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഭൂ നിയമം അസാധുവായതോടെയാണ് കുടിയൊഴിപ്പിക്കല്‍ നടപടിയുമായി ഭരണകൂടം ഇറങ്ങുന്നത്. നേരത്തെ, 1950ല്‍ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല നടപ്പിലാക്കിയ ലാന്‍ഡ് എസ്റ്റേറ്റ് ആക്ട് പ്രകാരം ഭൂവുടമയുടെ പരമാവധി പരിധി 22.75 ഏക്കറായി നിശ്ചയിച്ചിരുന്നു. ഈ പരിധിക്കപ്പുറമുള്ള ഭൂമി യാതൊരു നഷ്ടപരിഹാരവും നല്‍കാതെ സ്വയമേവ കൃഷിക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തത്. ഇത്തരത്തില്‍ ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് ഒട്ടേറെ കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി ഇത്തരം ഭൂ നിയമം നടപ്പിലാക്കിയത് ഷെയ്ഖ് അബ്ദുല്ലയാണ്.

ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കടുംബങ്ങളുടെ ഭൂമി 1960ല്‍ ജന്മിയായ സുരിന്ദറില്‍ നിന്ന് കുടിയാന്മാര്‍ക്ക് കൈമാറിയതാണ്. ഇത് പലരില്‍ നിന്നും കൈമറിഞ്ഞാണ് ഇപ്പോഴത്തെ കുടുംബങ്ങള്‍ക്ക് ലഭിച്ചത്. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് 1950ലെ ലാന്‍ഡ് എസ്റ്റേറ്റ് നിയമം ഒഴിവാക്കപ്പെട്ടിരുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കി 2020 ഒക്ടോബറിലാണ് ലാന്‍ഡ് എസ്റ്റേറ്റ് നിയമം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു ശേഷം മുന്‍ ജന്മിമാര്‍ അവരുടെ ഭൂമി തിരിച്ചു ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂ രഹിതര്‍ക്ക് സര്‍ക്കാര്‍ ജന്മിമാരില്‍ നിന്നും പിടിച്ചെടുത്ത് നല്‍കിയ ഭൂമി 50 വര്‍ഷത്തിനു ശേഷം അവര്‍ക്കു തന്നെ തിരികെ നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണകൂടം നടത്തുന്നത്. ഇത് ആയിരക്കണക്കിനു കശ്മീകികളെ ഭൂരഹിതരാക്കി മാറ്റാനിടയാക്കും എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ''ഇസ്രായേലി ജൂതരുടെ മാതൃകയില്‍ അനധികൃത അധിനിവേശവും നിയമവിരുദ്ധമായ കോളനിവല്‍ക്കരണവും കശ്മീരില്‍ നടപ്പാക്കാന്‍ പോകുകയാണെന്ന് തോന്നുന്നു,'' എന്നാണ് മുംബൈ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് സമിയുല്ല ഖാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it