Latest News

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് 19 രോഗബാധയ്ക്കു പിന്നില്‍ സുരക്ഷാ കിറ്റുകളുടെ ദൗര്‍ലഭ്യം; ആരാണ് ഉത്തരവാദി?

ഫെബ്രുവരി 27ന് ലോകാരോഗ്യസംഘടന കിറ്റുകളുടെ അഭാവത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കി. പക്ഷേ, ആ മുന്നറിയിപ്പുകള്‍ ഇന്ത്യ മുഖവിലക്കെടുത്തില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് 19 രോഗബാധയ്ക്കു പിന്നില്‍ സുരക്ഷാ കിറ്റുകളുടെ ദൗര്‍ലഭ്യം; ആരാണ് ഉത്തരവാദി?
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധ വര്‍ധിച്ചുവരികയാണ്. ഇന്ന്് അത് 50 കടന്നു. അതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ് സ്റ്റാഫും എല്ലാം ഉള്‍പ്പെടുന്നു. ഡോക്ടര്‍മാര്‍ വിദേശയാത്ര നടത്തിയിരിക്കുമെന്ന നിലപാടാണ് ആദ്യം ആരോഗ്യമന്ത്രാലയം എടുത്തതെങ്കിലും പിന്നീട് സുരക്ഷാ സംവിധാനത്തിന്റെ ദൗര്‍ലബ്യമാണെന്ന നിലപാടിന് സ്വീകാര്യത ലഭിച്ചു. ഇപ്പോള്‍ അത് ഏകദേശം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ കൊറോണ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത് ജനുവരി 30നാണ്. അതോടെ പ്രശ്‌നം ഗുരുതരതമാണെന്ന് മനസ്സിലാക്കി അടുത്ത ദിവസം ജനുവരി 31ന് ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രെയ്ഡ് പിപിഇ കിറ്റുകളുടെ കയറ്റുമതി നിരോധിച്ചു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫെബ്രുവരി 8ന് ആ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മാസ്‌ക്കുകളുടെയും ഗ്ലൗസുകളുടെയും കൂടി കയറ്റുമതി വിലക്ക് പിന്‍വലിച്ചു. കുറേയേറെ കിറ്റുകള്‍ ചൈനയിലേക്ക് കയറ്റിയയച്ചുവെന്ന് രേഖകളില്‍ കാണുന്നു.

ഇറ്റലിയില്‍ ഫെബ്രുവരി 25ന് 11 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യ കയറ്റുമതി നിയന്ത്രണം കുറച്ചുകൂടി ഉദാരമാക്കി. അതിന്റെ വില ഇന്ന് കൊടുക്കുന്നത് ഇന്ത്യയിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരും.

ഫെബ്രുവരി 27ന് ലോകാരോഗ്യസംഘടന പിപിഇ കിറ്റുകളുടെ അഭാവത്തെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇപ്പോഴത്തെ സംഭരണത്തോത് കുറവാണെന്നും അടുത്തുതന്നെ അതിന്റെ ദൗര്‍ലഭ്യം വര്‍ധിക്കുമെന്നു ഭയപ്പെട്ടുകൊണ്ടുള്ള വാങ്ങലും പൂഴ്ത്തിവയ്പും കൂടുമെന്നും അറിയിച്ചു. പക്ഷേ, ആ മുന്നറിയിപ്പുകള്‍ ഇന്ത്യ മുഖവിലക്കെടുത്തില്ല.

ഇന്ത്യയില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു പിന്നില്‍ ആരോഗ്യമന്ത്രാലയവും ടെസ്‌റ്റൈല്‍ വകുപ്പും പിന്നെ എച്ച് എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡെന്ന പൊതുമേഖലാ സ്ഥാപനവുമാണ്. പിപിഇ പോലുള്ള കിറ്റുകളുടെ വാങ്ങലും വില്‍പ്പനയിലും എച്ച്എല്‍എല്‍നാണ് കുത്തക. സ്വകാര്യമേഖലയില്‍ നിന്ന് പോലും ഇതില്‍ കുറവിന് സാധനം കിട്ടുമെന്നിരിക്കെ അതിനേക്കാള്‍ കൂടിയ തുകക്കാണ് എച്ച്എല്‍എല്‍ ആഗോള ടെന്റര്‍ വഴി കിറ്റുകള്‍ വാങ്ങുന്നതെന്നത് രഹസ്യമല്ല. ഇവര്‍ നല്‍കുന്ന കിറ്റിന് 1000 രൂപയാണ് വരുന്നതെങ്കില്‍ ഇത് സ്വകാര്യമേഖലയിലേക്ക് പോയാല്‍ 500രൂപയ്ക്കു കിട്ടുമെന്നാണ് കണക്ക്. സ്ഥിതിഗതികള്‍ ശരിയല്ലെന്ന് മനസ്സിലാക്കിയ പല എന്‍ജിഒകളും വിഷയത്തിന്റെ ഗൗരവം അധികാരികളെ അറിയിച്ചിരുന്നു. ആള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ് വര്‍ക്കിന്റെ മാലിനി അയ്‌സോള പറയുന്നത് തന്റെ സംഘടന മാര്‍ച്ച് 23നു തന്നെ എച്ച്എല്‍എന്റെ കുത്തക ആരോഗ്യമേഖലയില്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു എന്നാണ്. എച്ച് എല്‍എല്‍നെ നോഡല്‍ ഏജന്‍സി പദവിയില്‍ നിന്ന് മാറ്റണമെന്നും അഭ്യര്‍ത്ഥിച്ചു. ഇവരുടെ കണക്കുപ്രകാരം പിപിഇ കിറ്റുകള്‍ ദിനംപ്രതി 5 ലക്ഷം വേണം. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മെയ് മാസം വരെ വേണ്ടത് 7.25 ലക്ഷം മാത്രം. ഈ കണക്കുവച്ചാണ് അവര്‍ കയറ്റുമതി നിയന്ത്രണം നടത്തിയത്.

രാജ്യത്ത് കൊറോണ രോഗവ്യാപനം കൈവിടുമെന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 18ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചു. അന്നു തന്നെ നടന്ന ഉന്നതതല യോഗത്തില്‍ പിപിഇ കിറ്റുകളുടെ കയറ്റുമതി നിരോധിക്കാനും ധാരണയായി. മാര്‍ച്ച് 19ന് നിരോധിച്ചു.

ഇന്ത്യ കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്തും അസംസ്‌കൃത ഉല്‍ന്നങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. പല രാജ്യങ്ങളും ഇക്കാലത്ത് എല്ലാതരം കയറ്റുമതിയും നിരോധിച്ചിരുന്നവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ അംസസ്‌കൃത ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം വരുന്നത് മാര്‍ച്ച് 19നാണ്. നിരോധനം നീക്കിയ ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തേക്ക് ഇത്തരം സുരക്ഷാ ഉല്‍പ്പനങ്ങള്‍ കയറ്റിയയച്ചുവെന്ന് പ്രിവന്റീവ് വെയര്‍ മാനുഫാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ പറയുന്നു.

Next Story

RELATED STORIES

Share it