Latest News

പൊതുമാപ്പ്: കുവൈത്തില്‍ നിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ 290 പേരെയും കൊണ്ട് രാജ്യത്തെത്തും

പൊതുമാപ്പ്: കുവൈത്തില്‍ നിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ 290 പേരെയും കൊണ്ട് രാജ്യത്തെത്തും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന പൊതുമാപ്പ് യാത്രക്കാരുമായി ഇന്ന് കാലത്ത് രണ്ടു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കും. ജസീറ എയര്‍ വെയ്‌സിന്റെ രണ്ടു വിമാനങ്ങളാണ് വിജയവാഡ, ലഖ്‌നോ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നത്. കാലത്ത് 9.05. ന് വിജയവാഡയിലേക്കും 11.15 നു ലഖ്‌നോവിലേക്കും പറന്നുയരുന്ന വിമാനങ്ങളില്‍ 145 വീതം യാത്രക്കാരാണുണ്ടാവുക.

ഇന്നലെ രാത്രിയാണു പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തിയ ആന്ധ്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് യാത്രക്ക് തയ്യാറായിരിക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതിനുശേഷം ഇവരെ പ്രത്യേക ബസുകളില്‍ കയറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ കാലത്ത് വിജയവാഡയിലേക്ക് പോയ വിമാനത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 145 തടവുകാരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്. ഇന്ന് പുറപ്പെടുന്ന വിജയവാഡ, ലഖ്‌നോ വിമാനങ്ങളും തടവുകാരെ തിരിച്ചയക്കുന്നതിനാണ് നേരത്തെ ക്രമീകരിച്ചിരുന്നതും. എന്നാല്‍ ഇന്നലെ പുറപ്പെട്ട വിജയവാഡ വിമാനത്തില്‍ പൊതുമാപ്പ് യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് എംബസി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ അനൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

എന്നാല്‍ പൊതുമാപ്പ് യാത്രക്കാരെ തിരിച്ചുകൊണ്ടു പോകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നല്‍കേണ്ട വിഷയമായിട്ടു പോലും എംബസിയുടെ ട്വിറ്റര്‍ പേജില്‍ ഒരു ചിത്രം പ്രസിദ്ധീകരിച്ചതൊഴികെ ഇതുമായി ബന്ധപ്പെട്ട് എംബസി ഇതുവരെ ഔദ്യോഗികമായി ഒരു വാര്‍ത്താകുറിപ്പ് പോലും പുറപ്പെടുവിച്ചിട്ടില്ല. പ്രസിദ്ധീകരിച്ച ചിത്രത്തിലാകട്ടെ യാത്രക്കാര്‍ പൊതുമാപ്പ് വിഭാഗത്തില്‍ പെട്ടവരോ നാടുകടത്തല്‍ കേന്ദ്രത്തില്‍ പെട്ടവരോ ആണെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇതിനു ശേഷമാണ് ഇന്നലെ രാത്രി തിരക്കിട്ട് പൊതുമാപ്പ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.

Next Story

RELATED STORIES

Share it