Latest News

കുവൈത്ത് തിരഞ്ഞെടുപ്പ്: വിദേശികള്‍ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സഫ അല്‍ ഹാഷിമിന് കനത്ത പരാജയം

കുവൈത്ത് തിരഞ്ഞെടുപ്പ്: വിദേശികള്‍ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സഫ അല്‍ ഹാഷിമിന് കനത്ത പരാജയം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് എതിരെ പ്രസ്താവനകള്‍ നടത്തി വിവാദ നായികയായി മാറിയ സഫ അല്‍ ഹാഷിമിനു തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം. മൂന്നാം മണ്ഡലത്തില്‍ നിന്ന് നാലാം തവണ ജനവിധി തേടിയ ഇവര്‍ ഇത്തവണ പരാജയപ്പെട്ടെന്ന് മാത്രമല്ല ഏറ്റവും അധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം പിന്നിലുമായി. 2012 മുതല്‍ തുടര്‍ച്ചയായി ഇതേ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ വിജയിച്ചു വന്ന സഫ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്.

2012ല്‍ 2,622 വോട്ടും 2013ല്‍ 2,036 വോട്ടും 2016 ല്‍ 3,273 വോട്ടും നേടി പാര്‍ലമെന്റില്‍ എത്തിയ ഇവര്‍ക്ക് ഇത്തവണ ആയിരം വോട്ടുകള്‍ പോലും തികക്കാനായില്ല. കഴിഞ്ഞ പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ അംഗം കൂടിയായിരുന്നു സഫാ അല്‍ ഹാഷിം.

വിദേശികള്‍ക്ക് ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണമെന്ന് അടക്കമുള്ള വിവാദ പ്രസ്താവനകള്‍ നടത്തി അന്താരാഷ്ട്ര തലത്തില്‍വരെ ഏറെ കുപ്രസിദ്ധി നേടിയിരുന്നു സഫ. രാജ്യത്തെ ഗതാഗതക്കുരുക്കിന് വിദേശികളാണ് കാരണക്കാരെന്നും ഇക്കാരണത്താല്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിദേശി ജനസംഖ്യ കുറക്കാനും വിദേശികള്‍ക്ക് പ്രത്യേക നികുതി ചുമത്താനും ആവശ്യപ്പെട്ട്ുകൊണ്ട് ഇവര്‍ നിരവധി തവണ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണ കാലത്ത് വിദേശികള്‍ക്ക് സൗജന്യ വൈദ്യസഹായം അനുവദിക്കുന്നതിനെതിരെയും ഇവര്‍ രംഗത്ത് വന്നു. തനിക്ക് എതിരെ ഒരു പ്രത്യേക രാജ്യക്കാരില്‍ നിന്നും വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് അറിയിച്ചു കൊണ്ട് ഈയിടെ ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.

കേരളത്തില്‍ എത്തി നില്‍ക്കുന്നതാണ് 56കാരിയായ സഫാ അല്‍ ഹാഷിമിന്റെ കുടുംബവേരുകള്‍ എന്നതും കൗതുകകരമാണ്. ഇവരുടെ മുതു മുത്തശ്ശി കോഴിക്കോട്ട്കാരിയാണ്. കേരളത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. താന്‍ കേരളത്തെയും ഇന്ത്യയേയും സ്‌നേഹിക്കുന്നുവെന്ന് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം റിപോര്‍ട്ടര്‍ ടി.വി ചാനലുമായി നടത്തിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞിരുന്നു.

വിദേശികളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളില്‍ എന്നും വിദേശി സമൂഹത്തോടൊപ്പം നിലയുറപ്പിച്ച സഫ, മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണയാണ് വിദേശി സമൂഹത്തിനെതിരെ വിഷലിപ്തമായ പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയത്.

Next Story

RELATED STORIES

Share it