Latest News

കുന്ദമംഗലം ഗവ. കോളജ് ഓഡിറ്റോറിയം നിര്‍മാണത്തിന് 92 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗവ. കോളജ് ഓഡിറ്റോറിയം നിര്‍മാണത്തിന് 92 ലക്ഷം രൂപയുടെ ഭരണാനുമതി
X

കോഴിക്കോട്: കുന്ദമംഗലം ഗവ. കോളജിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ 92 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോളജിലെ ജിംനേഷ്യത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഓഡിറ്റോറിയം നിര്‍മ്മിക്കുക. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങിനല്‍കിയ 5.10ഏക്കര്‍ സ്ഥലത്താണ് കോളജ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്.

കോളേജ് കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 2018-19 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5 കോടി രൂപയുടെ പ്രവൃത്തി നടന്നുവരികയാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിടനിര്‍മ്മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോളേജില്‍ കുടിവെള്ള പദ്ധതിക്കായി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആധുനിക ടര്‍ഫ് പ്രവൃത്തിയും നടന്നു വരികയാണ്.

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തോടെ തൊഴില്‍ സാധ്യതയുള്ള കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

Next Story

RELATED STORIES

Share it