Latest News

പണം നല്‍കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് വാര്യര്‍ കേസ് കൊടുത്തിട്ടുണ്ട്; സ്വപ്‌നയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്നും കെടി ജലീല്‍

ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യരുമായി സുഹൃത് ബന്ധമുണ്ട്

പണം നല്‍കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് വാര്യര്‍ കേസ് കൊടുത്തിട്ടുണ്ട്; സ്വപ്‌നയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്നും കെടി ജലീല്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ. തന്റെ ബിനാമിയാണെന്ന് സ്വപ്‌നാ സുരേഷ് ആരോപിച്ച ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യരുമായി തനിക്ക് സുഹൃത് ബന്ധമുണ്ട്. എന്നാല്‍ സ്വപ്‌നാ സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിനെതിരെ മാധവ് വാര്യര്‍ മുംബൈ ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസുമായി ബന്ധപ്പെട്ട് മാധവ് വാര്യരുടെ പേര് സ്വപ്‌ന ഉന്നയിച്ചതെന്നും കെ ടി ജലീല്‍ വിശദീകരിച്ചു. താന്‍ നേരത്തെ കൊടുത്ത ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി ഇതും അന്വേഷിക്കണമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

'മാധവ് വാര്യരെ അറിയാം. തിരുന്നാവായയില്‍ ബാലമന്ദിരം നടത്തുന്നുണ്ട് അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായും കുറഞ്ഞ പൈസക്കും അദ്ദേഹം വീട് വെച്ച് നല്‍കിയിട്ടുണ്ട്. മാധവ വാര്യര്‍ക്ക് എച്ച്ആര്‍ഡിഎസുമായി തര്‍ക്കമുണ്ടെന്നാണ് അയാളുമായി ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന് 200 ലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് മാധവ് വാര്യരുടെ ഉടമസ്ഥതയിലുള്ള വാര്യര്‍ ഫൗണ്ടേഷനാണ്. എന്നാല്‍ അവര്‍ക്ക് എച്ച്ആര്‍ഡിഎസ് പണം കൊടുത്തില്ല. പകരം വണ്ടി ചെക്കാണ് നല്‍കിയത്. അതുകൊണ്ട് ചെക്ക് മടങ്ങി. ഇതിനെതിരെ മുംബൈ ഹൈക്കോടതിയില്‍ വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ഈ കേസില്‍ മാധവ വാര്യരുടെ പേരും ഉന്നയിക്കുന്നത്'-കെ ടി ജലീല്‍ പറഞ്ഞു.

മന്ത്രിയായിരുന്നപ്പോള്‍ ബാലമന്ദിരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പോയിട്ടുണ്ട്. കുമ്പിടിയില്‍ വാര്യര്‍ സമുച്ചയം നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പരിപാടിക്ക് പോയപ്പോള്‍ ചായ കുടിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവുമില്ല. അത് തങ്ങള്‍ ഇരുവരുടേയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. ഷാര്‍ജ ഷെയ്ഖിന് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് തന്റെ കാലത്തല്ല, അന്നത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ ഇന്ന് ബിജെപി നേതാവായ അബ്ദുസലാമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

'ഷാര്‍ജാ സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി ലിറ്റ് കൊടുത്തത് 2014 ലെ സിന്‍ഡിക്കേറ്റാണ്. 2014 ല്‍ വൈസ് ചാന്‍സിലര്‍ അബ്ദുല്‍ സലാമാണ്. അദ്ദേഹം ഇന്ന് ബിജെപി നേതാവാണ്. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ മതി. 2016 ലാണ് തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. 2018 ലാണ് ഉന്നത വിദ്യഭ്യാസ വകുപ്പിലേക്ക് വരുന്നത്. ഷാര്‍ജാ സുല്‍ത്താന്റെ അസൗകര്യത്തെ തുടര്‍ന്നാണ് ഡി ലിറ്റ് നല്‍കുന്നത് വൈകിയത്. വി കെ അബ്ദുറബ്ബാണ് അന്ന് വിദ്യാഭ്യാസ മന്ത്രി. ഇതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കേണ്ടതില്ല, എന്തൊക്കെ വിളിച്ചുപറയുകയാണ്.' കെ ടി ജലീല്‍ വിശദീകരിച്ചു.

ഷാര്‍ജാ സുല്‍ത്താന് പൊന്നും ഡയമണ്ട്‌സും കൊടുത്താല്‍ ആരാണ് വിശ്വസിക്കുക. വിദേശ ഭരണാധികാരികളെ അപമാനിക്കുന്നതല്ലേ ഇതെന്നും ജലീല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കും, വ്യക്തിപരമായ കാര്യം ഒരാളോടും ഒരിക്കലും പറയാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും ത്യാഗം സഹിച്ചു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കാറില്ല. അങ്ങനൊയൊരു പേര് തനിക്ക് വേണ്ടായെന്ന അഭിപ്രായക്കാരനാണ് മുഖ്യമന്ത്രിയെന്നും കെ ടി ജലീല്‍ കൂട്ടിചേര്‍ത്തു.

അങ്ങനെയൊരു ഭരണകര്‍ത്താവിനെ കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നതെന്നും ജനങ്ങള്‍ ഇതെല്ലാം തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it