Latest News

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന് റെക്കോര്‍ഡ് കളക്ഷന്‍; ഡിസംബറില്‍ 5.51 കോടി രൂപയുടെ വരുമാനം

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന് റെക്കോര്‍ഡ് കളക്ഷന്‍; ഡിസംബറില്‍ 5.51 കോടി രൂപയുടെ വരുമാനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റെക്കോര്‍ഡ് മറികടന്നു. ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആര്‍ സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളിലും ബജറ്റ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 യാത്രകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീര്‍ഥടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

ഡിസംബര്‍-ജനുവരി മാസങ്ങളിലെ കോടമഞ്ഞും അവധിക്കാല തിരക്കും മുന്‍കൂട്ടി കണക്കിലെടുത്ത് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ പുതിയ വിനോദയാത്ര പാക്കേജുകള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നിര്‍ണായകമായതായും അധികൃതര്‍ അറിയിച്ചു. മലക്കപ്പാറയും മൂന്നാറും യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളായി. ഇതിനൊപ്പം തമിഴ്നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മേഘമല, ഊട്ടി, കൊടൈക്കനാല്‍, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള യാത്രകളും വലിയ തോതില്‍ സഞ്ചാരികളെ ആകര്‍ഷിച്ചു. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഡീലക്സ് ബസുകളാണ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള പുതിയ 150 ബസുകളാണ് ബജറ്റ് ടൂറിസത്തിനായി പുതിയതായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 17 ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കൂത്താട്ടുകുളത്തുനിന്നും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ട്രിപ്പുകള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it