Latest News

കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് യുഡിഎഫ്

കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് യുഡിഎഫ്
X

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി മേല്‍ക്കൈ നേടുമെന്ന് യുഡിഎഫ് നേതാക്കളായ എം കെ മുനീര്‍ എം എല്‍ എ, എം കെ രാഘവന്‍ എം പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഒരിടത്തും ത്രികോണ മത്സരമില്ലെന്നും യു ഡി എഫ് - എല്‍ഡിഎഫ് തമ്മിലാണ് മത്സരമെന്നും അവര്‍ പറഞ്ഞു. പത്ത് മണ്ഡലങ്ങളില്‍ യുഡിഎഫിന് സമ്പൂര്‍ണ്ണ വിജയമായിരിക്കും. മൂന്ന് മണ്ഡലങ്ങളില്‍ കനത്ത മത്സരമുണ്ടാവുമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യു ഡി എഫ് എംഎല്‍എമാരെ നിയമസഭയിലെത്തിക്കുന്ന ജില്ലയായിരിക്കും കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ വിജയമാണ് യു.ഡി.എഫിന് ജില്ലയില്‍ ലഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടായതു പോലെ എല്‍ ഡി എഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടെന്നും സിപിഎമ്മിന്റെ കേന്ദ്രങ്ങളില്‍ നിന്നും യു ഡി എഫിന് അനുകൂല വോട്ട് ലഭിക്കുമെന്നും പറഞ്ഞു. ജില്ലയിലെ മൂന്ന് എല്‍ഡി എഫ് നേതാക്കള്‍ക്ക് മണ്ഡലം വിട്ട് പുറത്ത് പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ മണ്ഡലത്തില്‍ തളച്ചിട്ട അവസ്ഥയിലാണെന്നും അദ്ദേഹം പരിഹസിച്ചു. പരാജയം മുന്‍കൂട്ടി കണ്ടതോടെ അവര്‍ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് നീങ്ങുകയാണെന്നും ആരോപിച്ചു. വടകര ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം കേന്ദ്രങ്ങള്‍ തന്നെ ഇറക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമായി വര്‍ഗീയ ധ്രുവീകരണത്തിന് പേരാമ്പ്രയില്‍ ശ്രമം നടന്നതായും നാലു വോട്ടിനു വേണ്ടി മനുഷ്യരെ തമ്മില്‍ വിഭജിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിലെ അന്വേഷണം അട്ടിമറിച്ചത് പോലെ ഈ അന്വേഷണവും അട്ടിമറിക്കാം എന്നാണ് സിപിഎമ്മിന്റെ വ്യാമോഹം. പേരാമ്പ്രയിലെയും കോഴിക്കോട്ടെയും മതേതര സമൂഹം ഈ നീക്കം തള്ളിക്കളയും. പരാജയം മുന്‍കൂട്ടി കണ്ട് പല പ്രചാരണങ്ങളുമായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആരോപണവുമായി രംഗത്ത് വരുമെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുമുള്ള സിപി എം - ബിജെപി ഡീല്‍ ഈ തിരഞ്ഞെടുപ്പിലും കാണാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി .ടി ഇസ്മായില്‍, ഡിസിസി സെക്രട്ടറി പി. എം അബ്ദുറഹ്മാന്‍ എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it