Latest News

കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നു

നിലവില്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ജില്ലയിലെ ഏക കൊവിഡ് ചികിത്സാകേന്ദ്രം.

കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നു
X

കൊല്ലം: ജില്ലാ ആശുപത്രി 20 മുതല്‍ കൊവിഡിന് വേണ്ടിമാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. നിലവില്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ജില്ലയിലെ ഏക കൊവിഡ് ചികിത്സാകേന്ദ്രം.

രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതിയുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് നടപടിയെന്ന് കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് കേന്ദ്രമാക്കിയാലും കാത്ത്ലാബ്, കീമോതെറാപ്പി, ഡയാലിസിസ് യൂനിറ്റുകള്‍ ഇവിടെ തുടരും. ഇതിനായി പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. നിലവിലുള്ള കിടപ്പുരോഗികളില്‍ ട്രോമാകെയര്‍ രോഗികളെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കും ത്വക്ക്, കണ്ണ്, സൈക്ക്യാട്രി വിഭാഗങ്ങളിലുള്ളവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്കും മാറ്റും.

50 പേ വാര്‍ഡുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പുറമേ ട്രൂനാറ്റ് ടെസ്റ്റിങ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്. ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ 10ന് ടെസ്റ്റ് ആരംഭിക്കും. ഹോട്ട് സ്‌പോട്ട് മേഖലകളിലും ക്വാറന്റീനിലുമുള്ള അസുഖ ലക്ഷണങ്ങളില്ലാത്ത ഗര്‍ഭിണികള്‍, ശസ്ത്രക്രിയ ആവശ്യമുള്ള ഗര്‍ഭിണികള്‍, ക്വാറന്റീനിലിരിക്കെ മരിച്ചവര്‍, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ 300 കിടക്കകളാണുള്ളത്. ഇത് 500 കിടക്കകളാക്കി വിപുലീകരിക്കും. ഗവ. വിക്ടോറിയ ആശുപത്രിയില്‍ കൂടുതല്‍ മിനി ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലേബര്‍ റൂമുകളും പ്രത്യേകം ഏര്‍പ്പെടുത്തി.

ജില്ലയില്‍ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലായി 300 ഐസിയു കിടക്കകളാണുള്ളത്. 140 വെന്റിലേറ്ററുകളുമുണ്ട്. രോഗവ്യാപനം തുടര്‍ന്നാല്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കാശുപത്രികളും കൊവിഡ് സെന്ററുകളാക്കും. സ്വകാര്യആശുപത്രികളും പരിഗണനയിലുണ്ട്.

Next Story

RELATED STORIES

Share it