Latest News

മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാസര്‍കോഡ് നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി.

മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: നാല് വര്‍ഷത്തിനിടയില്‍ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം 250 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തിരുവമ്പാടി മണ്ഡലത്തില്‍ നടന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിലടക്കം മലയോര മേഖലയില്‍ കാര്‍ഷിക-വ്യവസായ-ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള സമയമായിട്ടു പോലും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും തുടങ്ങിയ പൂര്‍ത്തീകരിക്കാനും നവീകരിക്കാനും വകുപ്പിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


കാസര്‍കോഡ് നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത മലപ്പുറം ജില്ലയില്‍ പ്രവേശിച്ച് നിലമ്പൂരുമായി ബന്ധപ്പെട്ടാണ് പോകുന്നത്. കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയില്‍, പുല്ലൂരാംപാറ, പുന്നക്കല്‍, കരിങ്കുറ്റി, പോസ്റ്റോഫീസ് ജംഗ്ഷന്‍, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയില്‍ വഴിയാണ് പാത കടന്നു പോകുന്നത്.


34.3 കി.മീ നീളമുള്ള പാത 12 മീറ്റര്‍ വീതിയില്‍ ഹൈവേ നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ 7 മീറ്റര്‍ വീതിയില്‍ കാര്യേജ് വേ, ശാസ്ത്രീയ രീതിയിലുള്ള ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളില്‍ ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍, യൂട്ടിലിറ്റി ഡക്ടുകള്‍, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറുകിട പാലങ്ങളും സൈന്‍ബോഡുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപക്ക് പ്രവൃത്തി കരാറെടുത്തിട്ടുള്ളത്. 24 മാസമാണ് നിര്‍മ്മാണ കാലാവധി.


പുല്ലൂരാംപാറയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി സെബാസ്റ്റ്യന്‍, തിരുവമ്പാടി പഞ്ചായത്ത് അംഗം ടി. ജെ. കുര്യച്ചന്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ. ജി. വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ്, അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍ മിഥുന്‍, ജോളി ജോസഫ്, കെ മോഹനന്‍ മാസ്റ്റര്‍, ടി എം ജോസഫ്, അബ്ദുല്ല കുമാരനെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it