Latest News

'ജ്യോതിരാദിത്യ സിന്ധ്യ രാജാവില്‍നിന്ന് മാഫിയക്കാരനിലേക്ക്': കോണ്‍ഗ്രസിനെതിരേ ശിവരാജ് സിങ് ചൗഹാന്‍

സിന്ധ്യ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം ചിലര്‍ക്ക് രാജാവായിരുന്നുവെന്നും ഇപ്പോള്‍ മാഫിയക്കാരനാണെന്നുമായിരുന്നു ചൗഹാന്റെ വിമര്‍ശനം.

ജ്യോതിരാദിത്യ സിന്ധ്യ രാജാവില്‍നിന്ന് മാഫിയക്കാരനിലേക്ക്: കോണ്‍ഗ്രസിനെതിരേ ശിവരാജ് സിങ് ചൗഹാന്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് ഇരുട്ടടിയായി ജോതിരാദിത്യ സിന്ധ്യ രാജിവച്ചതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ശിവരാജ് സിങ് ചൗഹാന്‍. സിന്ധ്യ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം ചിലര്‍ക്ക് രാജാവായിരുന്നുവെന്നും ഇപ്പോള്‍ മാഫിയക്കാരനാണെന്നുമായിരുന്നു ചൗഹാന്റെ വിമര്‍ശനം. 'സിന്ധ്യാജി കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അദ്ദേഹം മഹാരാജാവായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു മാഫിയയാണ്.?' ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സിന്ധ്യ ഇന്ന് വൈകുന്നേരത്തോടെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു സിന്ധ്യ രാജി സമര്‍പ്പിച്ചത്. സിന്ധ്യ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ഇന്നലെ മുതല്‍ ശക്തിപ്പെട്ടിരുന്നു. ഏറെ നാളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നായിരുന്നു നേരത്തെ ചൗഹാന്‍ പ്രതികരിച്ചത്. അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കില്ലെന്നും ചൗഹാന്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി കമല്‍ നാഥും സിന്ധ്യയും തമ്മിലുള്ള അധികാര വടംവലിയാണ് മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണം. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചത്. ജ്യോതിരാദിത്യ സിന്ധ്യ രാജി വെച്ചതിന് പിന്നാലെ 22 എംഎല്‍എമാരും രാജി സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it