Latest News

കിഫ്ബി മസാല ബോണ്ട് കേസ്; നോട്ടീസില്‍ തുടര്‍ നടപടി തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസ്; നോട്ടീസില്‍ തുടര്‍ നടപടി തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
X

കൊച്ചി: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കിഫ്ബി ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസിലെ തുടര്‍ നടപടിയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നത്. മൂന്നു മാസത്തേക്കായിരുന്നു സ്റ്റേ. ഇതിനു പിന്നാലെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കുകയുമായിരുന്നു. വിഷയം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഇഡി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നോട്ടീസ് അയയ്ക്കുക എന്നത് പ്രാഥമിക നടപടി മാത്രമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ ഹരജി തന്നെ അപക്വമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.

മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസിലും ഇഡിക്ക് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. കിഫ്ബിക്കെതിരായ നോട്ടീസും കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതടക്കമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അതേസമയം, ഇഡി നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഹരജിയിലെ വാദം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്നായിരുന്നു കിഫ്ബി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇഡി നോട്ടീസിലെ ആരോപണം. ഇഡിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2,672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വിദേശ ധനകാര്യ വിപണികളില്‍നിന്ന് പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാവുന്ന ബോണ്ടാണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യന്‍ രൂപയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.

Next Story

RELATED STORIES

Share it