Latest News

മോദിയുടെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടിസ്

മോദിയുടെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടിസ്
X

കോയമ്പത്തൂര്‍: നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി ജില്ലാ പ്രസിഡന്റ് രമേശ് കുമാറിന് കോയമ്പത്തൂര്‍ മണ്ഡലത്തിലെ എആര്‍ഒ പി സുരേഷ് ആണ് നോട്ടിസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാന്‍ ഇടയായ കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രിയെ കാണാനുള്ള താത്പര്യം കാരണം കുട്ടികള്‍ സ്വമേധയാ വന്നതാകാമെന്ന് രമേശ് കുമാര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ വിദ്യാര്‍ത്ഥികളെ റോഡ് ഷോയില്‍ പങ്കെടുപ്പിച്ച മൂന്ന് സ്‌കൂളുകളില്‍ നിന്ന് കൂടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിശദീകരണം തേടി.

സംഭവത്തില്‍ ഇന്നലെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തിരുന്നു. സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് സായ് ബാബ കോളനി പോലിസ് കേസെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസരുടെ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it