Latest News

സസ്പെന്‍ഡ് ചെയ്ത ഞങ്ങളുടെ എംഎല്‍എമാരെ കേരളം പൂമാലയിട്ട് സ്വീകരിക്കും: വി ഡി സതീശന്‍

സസ്പെന്‍ഡ് ചെയ്ത ഞങ്ങളുടെ എംഎല്‍എമാരെ കേരളം പൂമാലയിട്ട് സ്വീകരിക്കും: വി ഡി സതീശന്‍
X

തിരുവനന്തപുരം: സസ്പെന്‍ഡ് ചെയ്ത ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെയും കേരളം പൂമാലയിട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അയ്യപ്പന്റെ സ്വര്‍ണം കട്ട കൊള്ളസംഘത്തിനെതിരായ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊള്ള സംഘത്തിന്റെ അക്രമത്തിനും അനീതിക്കും കവര്‍ച്ചയ്ക്കും എതിരായ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് എല്‍ഡിഎഫിന്റെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിനന്റെ പ്രതികരണം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു നിയമസഭയില്‍ ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം 'അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ' എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരും പ്രതിരോധിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

സസ്പെന്‍ഡ് ചെയ്ത ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെയും കേരളം പൂമാലയിട്ട് സ്വീകരിക്കും. അയ്യപ്പന്റെ സ്വര്‍ണം കട്ട കൊള്ളസംഘത്തിനെതിരായ പോരാട്ടത്തിനുള്ള അംഗീകാരമാണിത്.

സ്പീക്കറും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ഇന്ന് സഭയില്‍ കണ്ടത്. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചെടുത്ത് വലിച്ചു കീറാന്‍ നിര്‍ദ്ദേശിച്ചത്. എല്‍.ഡി.എഫ് കൊള്ള സംഘത്തിന്റെ അക്രമത്തിനും അനീതിക്കും കവര്‍ച്ചയ്ക്കും എതിരായ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ശബ്ദം ഇല്ലാതാകില്ല, അത് കേരളം മുഴുവന്‍ അലയടിക്കും.

Next Story

RELATED STORIES

Share it