Latest News

കരൂര്‍ ദുരന്തം; തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ നോട്ടീസ്

കരൂര്‍ ദുരന്തം; തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ നോട്ടീസ്
X

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വീണ്ടും ഹാജരാകാന്‍ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് സിബിഐയുടെ നോട്ടീസ്. തിങ്കാളാഴ്ച ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വീണ്ടും ഹാജരാകാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വിജയ്‌യെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കല്‍ പ്രമാണിച്ച് വിജയ് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്. സിബിഐ ആസ്ഥാനത്ത് ഹാജരാകുന്നതിനായി വിജയ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടതായാണ് റിപോര്‍ട്ട്.

നേരത്തെ ജനുവരി 12ന് വിജയ് സിബിഐക്ക് മുന്നില്‍ നീണ്ട ചോദ്യം ചെയ്യലിന് വിജയ് വിധേയനായിരുന്നു. കരൂരിലെ പരിപാടി ആരാണ് സംഘടിപ്പിച്ചത്, ക്രമീകരണങ്ങളെക്കുറിച്ച് വിജയ്ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ, വേദിയില്‍ എത്താന്‍ വൈകിയതിന്റെ കാരണം, വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിജയ്യോട് ചോദിച്ചിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. കുടിവെള്ളം, സുരക്ഷ, സുരക്ഷിതമായ പ്രവേശന, എക്‌സിറ്റ് വഴികള്‍ എന്നിവയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു എന്നിവയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിരുന്നു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ നടന്ന ടിവികെ റാലിക്കിടെയാണ് കഴിഞ്ഞ സെപ്തംബര്‍ 27ന് ദുരന്തമുണ്ടായത്. റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41പേര്‍ മരണപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it