Latest News

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കാരാട്ട് റസാഖ്

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കാരാട്ട് റസാഖ്
X

കോഴിക്കോട്: ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുസ് ലിം ലീഗില്‍ തിരിച്ചെത്തിയ മുന്‍ എംഎല്‍എ കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ന്യൂനപക്ഷ ക്ഷേമമന്ത്രി വി അബ്ദുറഹിമാന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനും അബ്ദുറഹിമാനും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കാരാട്ട് റസാഖ് രാജിവെച്ച കാര്യം അറിയിച്ചത്.

മുസ് ലിം ലീഗില്‍ നിന്ന് സിപിഎമ്മിലെത്തിയ കാരാട്ട് റസാഖ് വീണ്ടും ലീഗില്‍ അംഗത്വമെടുത്തതിന് പിന്നാലെയാണ് രാജി. മുസ് ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011ലും 2016ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മല്‍സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016ലെ തിരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പ്

2024 മാര്‍ച്ച് 13ന് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വവും തുടര്‍ന്ന് ബോര്‍ഡിന്റെ ചെയര്‍മാനും ആക്കി എന്നെ നിയോഗിച്ചിരുന്നു.രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മാത്യകാ പരമായ പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ഇന്നേ ദിവസം രാജി വെച്ചിരിക്കുകയാണ്.ഇതിന് അവസരം നല്‍കിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട് നന്ദി രേഖപ്പെടുത്തുകയാണ്. രണ്ട് വര്‍ഷക്കാലത്തെ സേവന വേളയില്‍ എനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയ വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥര്‍ ബോര്‍ഡിലെ സഹ മെമ്പര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.


Next Story

RELATED STORIES

Share it