Latest News

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

140 മണ്ഡലങ്ങളിലായി 1,252 പേരാണ് പത്രിക നല്‍കിയത്

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1,252 പേരാണ് പത്രിക നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കള്‍. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ വിധിയെഴുതുന്നത്.

മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവര്‍ത്തി ദിവസം മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നത്. 26ന് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും. അന്തിമ മല്‍സര ചിത്രം വ്യാഴാഴ്ച വ്യക്തമാകും. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്കെത്തും. പ്രചാരണം ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍.

സംസ്ഥാനത്ത് 1,252 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. കൊടുവള്ളിയില്‍ 18 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 223 പേരാണ്. തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും 17 പേര്‍ വീതം പത്രിക നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it