Latest News

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാന്‍ പുനര്‍ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്.

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത് മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് മന്ത്രി ആര്‍ ബിന്ദു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടെന്ന് സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാന്‍ പുനര്‍ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്.

നിയമനവിവാദം ശക്തമാകുന്നതിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. പുനര്‍ നിയമനത്തിന് ഗവര്‍ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചപ്പോഴും മന്ത്രി മൗനം തുടരുകയായിരുന്നു. വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.

വിരമിച്ച ദിവസം തന്നെ കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന് നിയമനം നല്‍കാന്‍ ആര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി എന്നതില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്നാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകശാ നിയമപ്രകാരമുള്ള തുടര്‍ അപേക്ഷകളില്‍ രാജ്ഭവന്റെയും സര്‍ക്കാറിന്റെയും മറുപടി കാത്തിരിക്കെ സംശയമുന ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് നീണ്ടിരുന്നു. സര്‍ക്കാര്‍ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നല്‍കി എന്ന ആക്ഷേപം തുടര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

മന്ത്രിയല്ലെങ്കില്‍ വിസിക്ക് പുനര്‍നിയമന ശുപാര്‍ശ നല്‍കിയത് ആരെന്ന് വ്യക്തമാക്കണമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മന്ത്രിയാകാട്ടെ വിവാദങ്ങളോട് മൗനം പാലിച്ചു. വിസിയുടെ വിവാദ പുനര്‍നിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിര്‍ണ്ണായക ഇടപെടല്‍ ഗവര്‍ണ്ണറും വെളിപ്പെടുത്തിയിരുന്നു.

ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മര്‍ദ്ദം ഫലത്തില്‍ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിലേക്കാണ് വരുന്നത്. നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിലും ആര്‍ ബിന്ദു മൗനത്തില്‍ തന്നെ. ഗോപിനാഥ് രവീന്ദ്രന്റെ നിയമന കേസില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമര്‍ശങ്ങള്‍ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമം.

Next Story

RELATED STORIES

Share it