Latest News

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ എത്തിയില്ലെന്ന് വിഡി സതീശന്‍

നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്.

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ എത്തിയില്ലെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ നിയമനത്തിനെതിരായ ഹരജിയില്‍ ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ എത്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത് വിഷയമാക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്നതിന് മുമ്പ് നല്‍കിയ ഹരജിയാണിത്. നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്. അതു കൂടി പരിഗണിച്ചായിരിക്കും ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുന്നത്.പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കും വരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ വിസി നിയമനത്തിലെ മന്ത്രിയുടെ ഇടപെടലിനെതിരെ സമരം കടുപ്പിക്കും. വിസി നിയമനങ്ങളില്‍ നടന്നത് നഗ്‌നമായ രാഷ്ട്രീയ ഇടപെടലാണ്. വിഷയത്തില്‍ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണര്‍ ചെയ്തത് ചാന്‍സലര്‍ പദവിക്ക് നിരക്കാത്ത തെറ്റാണ്. ചാന്‍സലര്‍ പദവിയില്‍ ഇരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അനധികൃത നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്വയം രാജിവെച്ച് പോകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

ഇന്ന് വൈകീട്ട് മുന്‍ പ്രതിപക്ഷ നേതാവ് മന്ത്രി സ്വജനപക്ഷപാതിത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയ്ക്ക പരാതി നല്‍കും.

Next Story

RELATED STORIES

Share it