Latest News

സ്വന്തം മുഖംമിനുക്കലിനേക്കാള്‍ ജനങ്ങളുടെ ജീവന് വിലകല്‍പിക്കണം; പ്രതിപക്ഷ ആവശ്യങ്ങള്‍ ശരിവക്കുന്നതാണ് കോടതി നിരീക്ഷണമെന്ന് കെ സുധാകരന്‍

'ചക്ക വീണ് മരിച്ചവരുടെ പേരും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണോ?' എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ ചോദിച്ചത്. കൊവിഡ് ബാധിച്ചു മരിച്ച ഓരോരുത്തരുടേയും കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകുമെന്നും കെ സുധാകരന്‍

സ്വന്തം മുഖംമിനുക്കലിനേക്കാള്‍ ജനങ്ങളുടെ ജീവന് വിലകല്‍പിക്കണം; പ്രതിപക്ഷ ആവശ്യങ്ങള്‍ ശരിവക്കുന്നതാണ് കോടതി നിരീക്ഷണമെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണ് കൊവിഡ് മരണ നിരക്ക് മാനദണ്ഡത്തില്‍ സുപ്രീം കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊവിഡ് മരണത്തിലെ ക്രമക്കേടുകള്‍ പുനപരിശോധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നു. കൊവിഡാനന്തര അവസ്ഥകള്‍ കാരണമുള്ള മരണങ്ങള്‍ കൊവിഡ് മരണങ്ങളായി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നാണ് ഇന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവെക്കുകയാണ് കോടതി ചെയ്തതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


കൊവിഡ് മരണങ്ങള്‍ ശരിയായി റിപോര്‍ട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുന്‍നിര്‍ത്തി ഞാന്‍ ഉയര്‍ത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയില്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ തികഞ്ഞ പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സര്‍ക്കാര്‍ നേരിട്ടത്. കൊവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്ത സ്വന്തം സഹോദരന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഞാന്‍ ഈ വിഷയം പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

'ചക്ക വീണ് മരിച്ചവരുടെ പേരും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണോ ?' എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം.എല്‍.എമാര്‍ കുറവായിരിക്കും.

സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യം, കൊവിഡ് മരണ കണക്കുകള്‍ കുറച്ചു കാണിച്ച് സര്‍ക്കാരിന്റെ സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ്. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയൊ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് യുഡിഎഫ് ആദ്യം മുതല്‍ ഉയര്‍ത്തിയ വിഷയം.

സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയേ തുടര്‍ന്ന് കൊവിഡ് മരണത്തിലെ ക്രമക്കേടുകള്‍ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തില്‍ പറയേണ്ടി വന്നത്. കൊവിഡാനന്തര അവസ്ഥകള്‍ കാരണമുള്ള മരണങ്ങള്‍ കൊവിഡ് മരണങ്ങളായി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ ഉറപ്പ് വരുത്തണം എന്നാണ് ഇന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവെക്കുകയാണ് കോടതി ചെയ്തത്.

സ്വന്തം മുഖംമിനുക്കലിനേക്കാള്‍ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകല്പിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കൊവിഡ് ബാധിച്ചു മരണമടഞ്ഞ ഓരോരുത്തരുടേയും കുടുംബാംഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകും.

Next Story

RELATED STORIES

Share it