Latest News

'ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ബയോ വെപ്പണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍'-കെ സുധാകരന്‍

സംവിധായികയും ആക്ടിവിസ്റ്റുമായ ആയിശ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാഷിസ്റ്റ് നയത്തിന്റെ ഭാഗമാണ്. ആയിശ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം.

ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ബയോ വെപ്പണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍-കെ സുധാകരന്‍
X

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപ്പണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാഷിസ്റ്റ് നയത്തിന്റെ ഭാഗമാണ് ആയിശ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം. സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആയിശ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

അങ്ങേയറ്റം സമാധാനപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നടപടികള്‍ക്കെതിരെയുള്ള പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കും.

സംവിധായികയും ആക്ടിവിസ്റ്റുമായ ആയിശ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാഷിസ്റ്റ് നയത്തിന്റെ ഭാഗമാണ്.

ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യുഎപിഎ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.

സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്‍മാരെയാണ് ഈ ഫാഷിസ്റ്റ് കാലഘട്ടത്തില്‍ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആയിശ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം.



Next Story

RELATED STORIES

Share it