Latest News

കെ റെയില്‍ പദ്ധതിയിലൂടെ കമ്മീഷന്‍ പറ്റുകയാണ് ലക്ഷ്യം; ഇടതു ലേബലുള്ള സര്‍ക്കാരിന് തീവ്രവലതുപക്ഷ നിലപാടെന്നും വിഡി സതീശന്‍

ഏകാധിപത്യവും ഫാഷിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാന്‍ ഇത് ഉത്തര്‍പ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രിയെയും ഇടതു ലേബലില്‍ തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനെയും ഓര്‍മ്മപ്പെടുത്തുന്നു

കെ റെയില്‍ പദ്ധതിയിലൂടെ കമ്മീഷന്‍ പറ്റുകയാണ് ലക്ഷ്യം; ഇടതു ലേബലുള്ള സര്‍ക്കാരിന് തീവ്രവലതുപക്ഷ നിലപാടെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ സാദത്ത് എംഎല്‍എ നിയമസഭയില്‍ 27.10.21 ന് പദ്ധതി ഡി.പി.ആര്‍ ആവശ്യപ്പെട്ട് നല്‍കിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മറുപടി നല്‍കാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെയാണ് ഗത്യന്തരമില്ലാതെ സര്‍ക്കാരിന് ഡി.പി.ആര്‍ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാല്‍ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നല്‍കിയ ഡി.പി.ആര്‍ രേഖകള്‍ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂര്‍ണ്ണ ഡിപിആര്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

അലൈന്‍മെന്റ് ഡ്രോയിങ് പരിശോധിച്ചാല്‍ 115കി. മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 115 മുതല്‍ 530കി. മീ. വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പല സ്‌റ്റേഷനുകള്‍ സംബന്ധിച്ചും പൂര്‍ണമായ ഡാറ്റ ഉജഞ ല്‍ ഇല്ല. ഏറ്റവും പ്രധാനമായി പദ്ധതിയുടെ Techno-Economic feasibiltiy സംബന്ധിച്ച് വ്യക്തമായ രേഖകളും ഉള്‍പ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. ഈ കാര്യങ്ങളില്‍ നിന്നും ലഭ്യമാക്കിയിരിക്കുന്ന രേഖകള്‍ അപൂര്‍ണ്ണമാണ്.

നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയത്. പദ്ധതി നടപ്പാക്കുന്നതിനേക്കാള്‍ വിദേശ ഏജന്‍സികളില്‍ നിന്നും എത്രയും വേഗം വായ്പ തരപ്പെടുത്തി കമ്മീഷന്‍ കൈപ്പറ്റുകയെന്നതു മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. സാമൂഹിക, പരിസ്ഥിതി ആഘാത പഠനമോ വ്യക്തമായ ഒരു പദ്ധതി രേഖയോ ഇല്ലാതെ ഇതുപോലൊരു വന്‍കിട പദ്ധതിയുടെ പേരില്‍ പൊതുജനത്തെ ഭീതിയിയിലാഴ്ത്തി സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അഴിമതി ലക്ഷ്യമിട്ടുള്ളതല്ലെങ്കില്‍ പിന്നെ എന്താണ്?

നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ധാര്‍ഷ്ട്യം വിലപ്പോകില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. ഏകാധിപത്യവും ഫാഷിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാന്‍ ഇത് ഉത്തര്‍പ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ലേബലില്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരിനെയും ഓര്‍മ്മപ്പെടുത്തുന്നു.


Next Story

RELATED STORIES

Share it