Latest News

ജയിലില്‍ പോകേണ്ടയാള്‍ ചിരിച്ച് പുറത്ത് വരുന്നു; പ്രോസിക്യൂഷനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു ജോര്‍ജിന്റെ അറസ്റ്റെന്നും കെ മുരളീധരന്‍

കേരളത്തില്‍ നടക്കുന്നത് സിപിഎം-ബിജെപി രഹസ്യ ധാരണ

ജയിലില്‍ പോകേണ്ടയാള്‍ ചിരിച്ച് പുറത്ത് വരുന്നു; പ്രോസിക്യൂഷനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു ജോര്‍ജിന്റെ അറസ്റ്റെന്നും കെ മുരളീധരന്‍
X

തിരുവനന്തപുരം: പ്രോസിക്യൂഷനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരന്‍. പി സി ജോര്‍ജിന് നല്‍കിയ ആനുകൂല്യങ്ങളില്‍ നിന്നും വിദ്വേഷ പ്രസംഗത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നാണോ അര്‍ത്ഥമാക്കേണ്ടതെന്നും കെ മുരളീധരന്‍ ചോദിച്ചു.

ജയിലില്‍ പോകുമെന്ന് കരുതിയാള്‍ ചിരിച്ചുകൊണ്ട് പുറത്ത് വന്നു. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞു. പിസി ജോര്‍ജിന് സര്‍ക്കാര്‍ എന്തിനാണ് ഇത്ര ആനുകൂല്യങ്ങള്‍ നല്‍കിയത്. അതിനര്‍ത്ഥം പിസി നടത്തിയ വിദ്വേഷ പ്രസംഗത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നല്ലേ. ജാമ്യം ലഭിച്ച് പുറത്ത് വന്ന അദ്ദേഹം എം എ യൂസഫലിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പിന്‍വലിച്ചത്. മറ്റ് വിദ്വേഷ പരാമര്‍ശങ്ങളിലൊക്കെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. പ്രോസിക്യൂഷന്‍ എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല. സര്‍ക്കാര്‍ വക്കീലിനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു അറസ്റ്റ്. കേരളത്തില്‍ നടക്കുന്നത് സിപിഎം-ബിജെപി രഹസ്യ ധാരണയാണെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിന് പുറമെ കെ റെയില്‍ പദ്ധതിക്കെതിരേയും മുരളീധരന്‍ സംസാരിച്ചു. കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്നും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വന്ദേഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ കേരളത്തിനും ട്രെയിനുകളുടെ സേവനം ലഭിക്കും. അതുകൊണ്ട് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, അതിനായി ഇടതുപക്ഷത്ത വെല്ലുവിളിക്കുകയാണ്. സ്ഥാനാര്‍ഥിയെ തീരുമാനിച്ച് കഴിഞ്ഞു. പ്രചരണങ്ങള്‍ ശക്തമാക്കും. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ലക്ഷ്യം തൃക്കാക്കരയിലെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it