Latest News

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ ഇസ്ലായെ ഇസ്രായേല്‍ ലക്ഷ്യം വച്ചത് രണ്ടു തവണ

ഇസ്രായേല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം 215 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ ഇസ്ലായെ ഇസ്രായേല്‍ ലക്ഷ്യം വച്ചത് രണ്ടു തവണ
X

ഗസ: മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന ഇസ്രായേലിന്റെ നടപടി നിര്‍ബാധം തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ ഇസ്ലായ്. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്.

ഇതാദ്യമായല്ല ഹസ്സനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. രണ്ടു പ്രാവശ്യമാണ് ഇസ്രായേലി സൈനികര്‍ അദ്ദേഹത്തെ ലക്ഷ്യം വച്ചത്. നേരത്തെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് സുഖം പ്രാപിച്ചുകൊണ്ടിരുന്ന ആശുപത്രി മുറിക്കുള്ളില്‍ വെച്ചാണ് ഇക്കുറി അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആശുപത്രിയിലെ മറ്റ് നിരവധി രോഗികള്‍ക്കും പരിക്കേറ്റു.

ഗസയില്‍ നിന്നുള്ള ഫലസ്തീന്‍ പത്രപ്രവര്‍ത്തകനായ ഹസ്സന്‍ ഇസ്ലായ്, ഇസ്രായേല്‍ സൈന്യം ഗസയിലെ ജനങ്ങള്‍ക്ക് മേല്‍ നടത്തി കൊണ്ടിരിക്കുന്ന ആധിപത്യത്തിന്റെ നോര്‍ചിത്രങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച വ്യക്തിയാണ്. ഉപരോധത്തിന്‍ കീഴിലുള്ള ജീവിതത്തിന്റെ യാഥാഥ്യം തുറന്നുകാട്ടാന്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം.

ഏപ്രില്‍ ഏഴിനാണ് അദ്ദേഹത്തിനു നേരെ ആദ്യം ആക്രമണം ഉണ്ടായത്. ഇസ്രായേല്‍ സൈന്യം മാധ്യമപ്രവര്‍ത്തകരുടെ ടെന്റ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പരിക്കു പറ്റിയ അദ്ദേഹത്തെ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇക്കുറി, ഇസ്രായേല്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞത്. ഖാന്‍ യൂനിസിലെ ഒരു ഇസ്രായേലി ബോംബാക്രമണത്തെക്കുറിച്ചായിരുന്നു അദ്ദേഹം അവസാനമായി എഴുതിയത്.

ഹസ്സന്‍ ഇസ്ലായുടെ കൊലപാതകത്തിനെതിരേ വ്യാപകമായ വിമര്‍ശനമാണുയരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളുടെ നീണ്ട പട്ടികയിലെ മറ്റൊരു നഷ്ടമായി മാത്രമല്ല, ഫലസ്തീന്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം 215 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it