Latest News

ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പു തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ ജോ ബൈഡന്‍ പുറത്തുവിട്ടു.

ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും
X

വാഷിങ്ടണ്‍: യുഎസിന്റെ 46 ാം പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പു തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ ജോ ബൈഡന്‍ പുറത്തുവിട്ടു. അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്. ആദ്യ 10 ദിവസത്തിനുള്ളില്‍ തന്നെ ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് ബൈഡന്‍. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. വര്‍ക്ക് വീസ സംവിധാനവും എച്ച്1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതാണ് ബൈഡന്‍ അജണ്ടയിലെ ഒന്നാമത്തെ ഇനം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അടുത്ത പരിഗണന. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതും പത്ത് ദിന പദ്ധതികളില്‍പ്പെടുന്നു.


ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കി. ആദ്യ 100 ദിവസത്തിനുള്ളില്‍ 100 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്റെ പ്രഖ്യാപനത്തിലുണ്ട്.




Next Story

RELATED STORIES

Share it