Latest News

ജെഎന്‍യു: അക്രമം മുന്‍കൂട്ടിയറിഞ്ഞു; പോലിസിനെ വെട്ടിലാക്കി എഫ്‌ഐആര്‍

എഫ്‌ഐആര്‍ലെ വൈരുദ്ധ്യങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. 3.45 ന് അക്രമികളെത്തിയ കാര്യം പോലിസിനറിയാം. എന്നിട്ടും എന്തിന് 8 മണി വരെ കൂടുതല്‍ പോലിസിനെ വിളിച്ചുവരുത്തിയില്ല?

ജെഎന്‍യു: അക്രമം മുന്‍കൂട്ടിയറിഞ്ഞു; പോലിസിനെ വെട്ടിലാക്കി എഫ്‌ഐആര്‍
X

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമ സംഭവത്തില്‍ പോലിസ് പക്ഷപാതപരമായി പെരുമാറിയെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. പോലിസ് തയ്യാറാക്കിയ എഫ്‌ഐആര്‍ തന്നെയാണ് പോലിസിന്റെ ഇതുവരെയുള്ള വാദമുഖങ്ങളെ ഖണ്ഡിക്കുന്ന തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്.

ഞായറാഴ്ച മൂന്നരയോടെയാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഒരു സംഘം ആയുധധാരികളായ അക്രമികള്‍ മുഖം മറച്ച് പെരിയാര്‍ ഹോസ്റ്റല്‍ ആക്രമിച്ചത്. പിന്നീട് സബര്‍മതി ഹോസ്റ്റലും ആക്രമിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് തലയ്ക്കും ശരീരത്തിലും പരിക്കേറ്റു. അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സര്‍വകലാശാല കാമ്പസിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ഫീസ് വര്‍ധനവിനെതിരേ പ്രതികരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെട്ടത്. എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം തങ്ങള്‍ക്കും മര്‍ദ്ദനമേറ്റതായി എബിവിപിക്കാര്‍ അവകാശപ്പെട്ടു.

പോലിസ് തയ്യാറാക്കിയ എഫ്‌ഐആര്‍ അനുസരിച്ച് വൈകീട്ട് 3.45 നാണ് കുറേ ആളുകള്‍ പെരിയാര്‍ ഹോസ്റ്റല്‍ ആക്രമിച്ചത്. 3.45 ന് സര്‍വ്വകലാശാല ഭരണവിഭാഗത്തിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് പെരിയാര്‍ ഹോസ്റ്റലില്‍ അക്രമം നടക്കുന്നുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചു. വസന്ത് കുഞ്ച് പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ ഹോസ്റ്റലിലെത്തി. അവര്‍ അവിടെ 40-50 പേര്‍ ആയുധധാരികളായി മുഖം മറച്ച് കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ടു. പോലിസിനെ കണ്ടപ്പോള്‍ അക്രമികള്‍ ഓടിമറഞ്ഞു.

അതിനിടയില്‍ ജെഎന്‍യു ഭരണവിഭാഗത്തില്‍ നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥന ലഭിച്ചു. കുട്ടികളോട് ശാന്തരാവാന്‍ മെഗാഫോണിലൂടെ ആവശ്യപ്പെട്ടു.

ഡല്‍ഹി പോലിസിന്റെ മാധ്യമ മുഖമായ എംഎസ് രന്ദാവ പത്രങ്ങളോട് പറഞ്ഞത് തികച്ചും വ്യത്യസ്തമായ കാര്യമായിരുന്നു. പോലിസിന് സര്‍വകലാശാലയില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചത് 7.45 നാണ്. ആ സമയത്ത് കുറച്ച് പോലിസുകാരെ സ്ഥലത്തുണ്ടായിരുന്നുള്ളു. അവര്‍ കൂടുതല്‍ പോലിസിനെ വിളിച്ചുവരുത്തുകയായിരുന്നു.

എന്നാല്‍ എഫ്‌ഐആര്‍ പറയുന്നത് 7 മണിക്ക് സബര്‍മതി ഹോസ്റ്റലില്‍ അക്രമികള്‍ പ്രവേശിക്കുകയും കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ്. ആ സമയത്ത് ഹോസ്റ്റലിലെത്തിയ പോലിസുകാര്‍ 50-60 അക്രമികളെ കണ്ടു. പോലിസുകാര്‍ ഉച്ചഭാഷിണി വഴി അവരോട് ശാന്തരാവാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അക്രമം തുര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പോവുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കി.

എഫ്‌ഐആര്‍ലെ വൈരുദ്ധ്യങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. 3.45 ന് അക്രമികളെത്തിയ കാര്യം പോലിസിനറിയാം. എന്നിട്ടും എന്തിന് 8 മണി വരെ കൂടുതല്‍ പോലിസിനെ വിളിച്ചുവരുത്തിയില്ല. സര്‍വ്വകലാശാല അധികൃതര്‍ 3.45 ഓടെ പോലിസിനെ വിവരമറിയിച്ചിട്ടുണ്ട്. 3.45 നും 7 നും രണ്ട് തവണ അക്രമികള്‍ സ്ഥലത്തെത്തി. എന്നിട്ടും പോലിസ് 8 മണി വരെ ക്ഷമിച്ചു. ശേഷമാണ് കൂടുതല്‍ പോലിസ് സന്നാഹം വന്നു ചേര്‍ന്നത്. ചുരുക്കത്തില്‍ അക്രമികള്‍ എത്തിയ കാര്യം പോലിസ് അറിഞ്ഞിരുന്നു. പക്ഷേ, അവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കാത്തുനിന്നു. ഒരൊറ്റ അക്രമിയെപ്പോലും പോലിസ് പിടികൂടിയില്ല.

അതേസമയം കുട്ടികള്‍ ആക്രമിക്കപ്പെടുന്ന സമയത്താണ് കുട്ടികള്‍ക്കെതിരേയുള്ള എഫ്‌ഐആറുകള്‍ ചാര്‍ജ്ജ് ചെയ്തത്.

Next Story

RELATED STORIES

Share it