Latest News

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശവും ബ്രാഹ്‌മണ സഖ്യവും

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശവും ബ്രാഹ്‌മണ സഖ്യവും
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. യുപിയിലെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍, ഇപ്പോഴത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ടശേഷമാണ് ബിജെപിയില്‍ കാലെടത്തുവച്ചത്. യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഈ നീക്കം യുപി രാഷ്ട്രീയത്തിലേക്ക് വെളിച്ചംവീശുന്ന ഒരു സൂചകമാണ്.

ധൗരഹാര മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു പ്രസാദ. സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ബ്രാഹ്‌മണ നേതാവുമാണ്. ബ്രാഹ്‌മണരുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപിയെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജിതിന്റെ രംഗപ്രവേശം.

യുപിയിലെ ജനസംഖ്യയില്‍ 13 ശതമാനം വരുന്ന ശക്തമായ സമുദായമാണ് ബ്രാഹ്‌മണര്‍. 80 മുതല്‍ ബിജെപിയോട് കൂറ് പ്രഖ്യാപിച്ച സമുദായം. മായാവതിയുടെ നേതൃത്വത്തില്‍ തിലക്, തരാസു, തല്‍വാര്‍ അഥവാ ബ്രാഹ്‌മിണ്‍, ബനിയ, താക്കൂര്‍ കൂട്ടുകെട്ടിനെ തകര്‍ക്കുകയെന്ന മുദ്രാവാക്യം ഉയര്‍ന്നതോടെ ബിജെപിയുമായുള്ള ബ്രാഹ്‌മണര്‍ കൂടുതല്‍ അടുത്തു.

വികാസ് ദുബെ


ബ്രാഹ്ണരുടെ എതിര്‍പ്പ് മനസ്സിലായ മായാവതി കളം മാറിച്ചവിട്ടി. പാര്‍ട്ടിയില്‍ ബ്രാഹ്‌മണര്‍ക്ക് പ്രാധാന്യം നല്‍കി. 2007ല്‍ ബിഎസ്പിയുടെ നിയമസഭാ അംഗങ്ങളില്‍ 20 പേര്‍ ബ്രാഹ്‌മണരായിരുന്നു. മാത്രമല്ല, അവര്‍ അവരുടെ മുദ്രാവാക്യവും മാറ്റി. 'ആന മാത്രമല്ല, ഗണേശ് കൂടിയാണ്, ബ്രഹ്‌മ, വിഷ്ണു, മഹേശ്വര!' എന്നാക്കി.

ഇതിനിടയില്‍ ബിജെപി അധികാരത്തിലെത്തി. താക്കൂര്‍ വിഭാഗത്തിലെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ മറ്റ് പല വിഭാഗങ്ങളോടൊപ്പം ബ്രാഹ്‌മണരും ബിജെപിയോട് അതൃപ്തി കാണിക്കാന്‍ തുടങ്ങി. ഗുണ്ടയായ വികാസ ദുബെയുടെ കൊലപാതകത്തോടെ അത് വര്‍ധിച്ചു. വികാസ് ദുബെയോട് തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ദുബെയെയും കൂട്ടാളികളെയും വെടിവച്ചുകൊന്ന രീതി വലിയ അതൃപ്തിക്കു കാരണമായി. ഇത് പഴയ കഥ.

അടുത്ത തിരഞ്ഞെടുപ്പിലും യോഗിയാണ് ബിജെപിയെ നയിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബ്രാഹ്ണരില്‍ വലിയ അതൃപ്തിക്കു കാരണമാവുമെന്നാണ് വിലയിരുത്തല്‍. ഇതിനെ മറികടക്കുകയാണ് യുപിയെ സംബന്ധിച്ചിടത്തോളം ഇന്ന് പ്രധാനം. മുന്‍ ബ്യൂറോക്രാറ്റായ എ കെ ശര്‍മയെ മോദി നേരിട്ട് തിരഞ്ഞെടുത്ത് ലഖ്‌നോ സീറ്റില്‍ പരിഗണിക്കുന്നത് അതിന്റെ ഭാഗമാണ്.

ജിതിന്‍ പ്രസാദ രാഹുലിന്റെ വിശ്വസ്തനാണെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ രണ്ട് തവണ മന്ത്രിയുമായിരുന്നു. അതിനുശേഷം വലിയ വികാസമൊന്നും ജിതിന് ഉണ്ടായിട്ടില്ല. യുപി കയ്യില്‍ നിന്നുപോയതോടെ എല്ലാം തകിടം മറിഞ്ഞു.

2019ല്‍ത്തന്നെ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് കരുതപ്പെട്ടിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഭരണകൂടം തന്റെ സമുദായമായ ബ്രാഹ്‌മണരെ തഴയുകയാണെന്ന ആരോപണവുമായി ജിതിന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നീക്കം നടത്തിയത് വലിയ വാര്‍ത്തയായി. ബ്രാഹ്‌മണര്‍ക്കുവേണ്ടി ബ്രാഹ്‌മണ ചേതന സംവാദ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്തന്‍ ബിജെപിയിലെത്തുന്നതോടെ ബ്രാഹ്‌മണരുടെ അതൃപ്തിക്കു പരിഹാരമായേക്കുമെന്നാണ് ബിജെപി കരുതുന്നത്.

Next Story

RELATED STORIES

Share it