Latest News

രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി: ടി എന്‍ പ്രതാപന്‍ എംപി

സിദ്ദീഖ് കാപ്പനു വേണ്ടിയുള്ള ഈ സമരം ജനങ്ങള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റ് അജണ്ടക്ക് എതിരായ സമരമാണ്. സിദ്ദീഖിനു നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ അവസാനം വരെയും കൂടെയുണ്ടാകും. എല്ലാ അര്‍ഥത്തിലും കൂടെ നില്‍ക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി: ടി എന്‍ പ്രതാപന്‍ എംപി
X

മലപ്പുറം:രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമാണെന്നും ടി എന്‍ പ്രതാപന്‍ എം,പി. സിദ്ദീഖ് കാപ്പന് നീതി നല്‍കുക എന്നാവശ്യപ്പെട്ട് മലപ്പുറത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് കാപ്പനു വേണ്ടിയുള്ള ഈ സമരം ജനങ്ങള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റ് അജണ്ടക്ക് എതിരായ സമരമാണ്. സിദ്ദീഖിനു നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ അവസാനം വരെയും കൂടെയുണ്ടാകും. എല്ലാ അര്‍ഥത്തിലും കൂടെ നില്‍ക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

എന്ത് തെറ്റാണ് സിദ്ദീഖ് കാപ്പന്‍ ചെയ്തതെന്ന് യുപി, കേന്ദ്ര സര്‍ക്കാറുകള്‍ വ്യക്തമാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു. ഡല്‍ഹി കലാപമുണ്ടായപ്പോള്‍ അതിലെ അനീതി സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ഹാഥ്‌റസില്‍ പിഡനം നടന്നപ്പോള്‍ അവിടെയും അദ്ദേഹം എത്തി. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെ മനപ്പൂര്‍വ്വം പീഡിപ്പിക്കുന്നു. ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഹിറ്റ്‌ലറിന് ഒരു ഗീബല്‍സാണ് ഉണ്ടായിരുന്നത്. എന്നാല്‍ നരേന്ദ്രമോദിക്ക് ആയിരം ഗീബല്‍സുമാരാണ് ഉള്ളത്. ലോക രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച പഠനം നടത്തിയ കാനഡയിലെ സംഘടന 174 ലോക രാജ്യങ്ങളില്‍ ഇന്ത്യക്ക് നല്‍കിയത് 142ാമത്തെ സ്ഥാനമാണ്. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ പല ഏകാധിപത്യ രാജ്യങ്ങളെക്കാളും ഏറ്റവും പിറകില്‍ ആണ്. നല്ല മിടുക്കും ചിന്താശേഷിയും കരുത്തുമുള്ള മാധ്യമപ്രവര്‍ത്തകരില്‍പ്പെട്ട ഒരാളാണ് സിദ്ദീഖ് കാപ്പന്‍. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും നേരെ രാജ്യത്ത് മുഴുവന്‍ പീഡനം നടക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെ തുറങ്കിലടക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദീഖ് കാപ്പന്‍ ഒരു പ്രതീകമാണെന്നും ഏറ്റവും ശക്തമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന സത്യസന്ധതയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഫാഷിസ്റ്റ് ഭരണകൂടത്തിനു ഭയമെന്നും തേജസ് മുന്‍ എഡിറ്റര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. വില കൊടുത്തു വാങ്ങാന്‍ കഴിയാത്ത മാധ്യമപ്രവര്‍ത്തകരെ പിടികൂടി തുറങ്കിലടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്‍ കഴിവുറ്റ മാധ്യമപ്രവര്‍ത്തകനാണ്. സിദ്ദീഖ് തേജസിന്റെ ഡല്‍ഹി ലേഖകനായിരുന്ന കാലത്ത് അയച്ച വാര്‍ത്തകള്‍ കൃത്യമായ നിലപാട് ഉള്ളവയായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും യഥാര്‍ഥ അജണ്ട തിരിച്ചറിഞ്ഞ് ഒന്നിച്ചു നല്‍ക്കുന്നു എന്നത് പ്രധാനപ്പെട്ടതാണെന്നും എന്‍ പി ചെക്കുട്ടി പറഞ്ഞു.

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി അധ്യക്ഷതവഹിച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ സി അഷറഫ്, മാധ്യമപ്രവര്‍ത്തകന്‍ വി ആര്‍ അനൂപ്, മുഹ്‌സിന്‍ സംസാരിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്‌, മക്കള്‍, സഹോദരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it