Latest News

ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു; റിപോര്‍ട്ട്

ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു; റിപോര്‍ട്ട്
X

ഗസ: ഗസയില്‍ ഇസ്രായേല്‍ സൈന്യം പ്രതിദിനം കൊല്ലുന്നത് ശരാശരി 21.3 സ്ത്രീകളെയെന്ന് റിപോര്‍ട്ട്. മണിക്കൂറില്‍ ഏകദേശം ഒരു ഫലസ്തീന്‍ സ്ത്രീ കൊല്ലപ്പെടുന്നു. യൂറോമെഡ്-ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിന്റെ ഫീല്‍ഡ് ടീം പുറത്തു വിട്ട കണക്കുകളാണിത്. ഉപരോധം, പട്ടിണി, വൈദ്യസഹായത്തിന്റെ അഭാവം എന്നിവ മൂലം മരിച്ചവരുടെ കണക്കുകള്‍ ഉള്‍പെടാത്ത സംഖ്യയാണ് ഇത് എന്നതാണ് ഞെട്ടിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ അധികവും പ്രായപൂര്‍ത്തിയായവരും ഗര്‍ഭിണികളായ സ്ത്രീകളും അമ്മമാരും ആണ് എന്നത് ഇസ്രായോലിന്റെ വംശഹത്യാ പദ്ധതിയുടെ രീതി എന്താണെന്ന് വ്യക്തമാക്കി തരുന്നതാണ്. സംഘര്‍ഷമല്ല നടക്കുന്നത് വംശഹത്യയാണെന്ന് ഈ കണക്കുകള്‍ നമ്മോടു പറയും. അവരില്‍ പലരും വീടുകളിലോ, താല്‍ക്കാലിക ഷെല്‍ട്ടറുകളിലോ, സുരക്ഷ തേടി പലായനം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ബോംബാക്രമണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴോ കൊല്ലപ്പെട്ടവരാണ്. ഒരു ജനസംഖ്യാ വിഭാഗത്തെ മുഴുവന്‍ നശിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഗസയിലെ ഫലസ്തീന്‍ സ്ത്രീകളെ കൊല്ലുന്നത് ഇസ്രായേല്‍ ഉപയോഗിക്കുന്നുണ്ടെന്ന് കൊലപാതകത്തിന്റെ വര്‍ധനവ് സൂചിപ്പിക്കുന്നു.ഫലസ്തീന്‍ ജനതയുടെ ഭാവിയെ ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉന്നം. കൂടാതെ, ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും യൂറോമെഡ് മോണിറ്റര്‍ പറയുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തിയ 582 ദിവസത്തെ വംശഹത്യയില്‍ 7,920 അമ്മമാര്‍ ഉള്‍പ്പെടെ 12,400 പലസ്തീന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ആരോഗ്യ രേഖകള്‍ സ്ഥിരീകരിക്കുന്നു. ഇസ്രായേലിന്റെ നേരിട്ടുള്ള ബോംബാക്രമണം മൂലം അമ്മമാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവരുടെ മരണനിരക്കില്‍ വലിയ തരത്തിലുള്ള വര്‍ധനവുണ്ടായെന്ന് ഫീല്‍ഡ് ഡാറ്റ സൂചിപ്പിക്കുന്നു.

ഗസയില്‍ ഇസ്രായേലിന്റെ ജനന നിയന്ത്രണ നടപടികള്‍ പലതരത്തിലുള്ളതാണ്. പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളെ നേരിട്ട് കൊല്ലുക, ഗര്‍ഭിണികളെ കൊല്ലുക, പ്രസവത്തിനും മാതൃ പരിചരണത്തിനുമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, അവശ്യ മരുന്നുകളും മെഡിക്കല്‍ സാധനങ്ങളും നിഷേധിക്കുക, അമ്മമാരെയും കുഞ്ഞുങ്ങളെയും പട്ടിണിക്കിടുക തുടങ്ങിയ കുറ്റക്രിതൃങ്ങള്‍ അതിലുള്‍പ്പെടും. 1948 ലെ വംശഹത്യ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 2(ഡി) പ്രകാരം ജനനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ള നടപടികള്‍ വംശഹത്യയുടെ പരിധിയില്‍പെടുന്നതാണ്.

ഇതിനുപുറമെ, പലസ്തീന്‍ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍, ഭര്‍ത്താക്കന്മാര്‍, വീടുകള്‍ എന്നിവ നഷ്ടപ്പെടുന്നത് മൂലം സങ്കീര്‍ണ്ണമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്ന് യൂറോമെഡ് മോണിറ്റര്‍ വ്യക്തമാക്കുന്നു. കൂടാതെ സുരക്ഷിതത്വമില്ലായ്മയും ആവര്‍ത്തിച്ചുള്ള സ്ഥലംമാറ്റവും ഉത്കണ്ഠ, വിഷാദം, കടുത്ത മാനസിക ആഘാതം എന്നിവയെ തീവ്രമാക്കുന്നുവെന്ന് യൂറോമെഡ് മോണിറ്റര്‍ പറയുന്നു. എല്ലാ രാജ്യങ്ങളും ഗസയിലെ വംശഹത്യ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂറോമെഡ് മോണിറ്റര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it