Latest News

ഇന്‍സ്റ്റെക്‌സ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചു

യൂറോപ്പില്‍ നിന്ന് ഇറാനിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്‍സ്റ്റെക്‌സ് അതിന്റെ ആദ്യ ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍സ്റ്റെക്‌സ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചു
X

തെഹ്‌റാന്‍: ഇറാനെതിരായ യുഎസ് ഉപരോധം മറികടക്കുന്നതിനായി രൂപീകരിച്ച ഇന്‍സ്റ്റെക്‌സ് (INSTEX) സംവിധാനത്തിന് കീഴിലുള്ള ആദ്യ ഇടപാടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍ നിന്ന് ഇറാനിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്‍സ്റ്റെക്‌സ് അതിന്റെ ആദ്യ ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാധനങ്ങള്‍ ഇറാനിലെത്തിയതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇറാനും ലോകശക്തികളും തമ്മില്‍ 2015ല്‍ ഒപ്പുവച്ച ആണവ കരാറിന്റെ ഭാഗമായിരുന്ന യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്‍സ്റ്റെക്‌സ് സൃഷ്ടിച്ചതായി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ആ സംവിധാനത്തിന് കീഴില്‍ ആദ്യ ഇടപാട് നടക്കുന്നത്. യുഎസ് ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്‍സ്റ്റെക്‌സ് തയ്യാറാക്കിയത്.

യുഎസ് പിന്‍മാറിയെങ്കിലും ആണവക്കരാര്‍ തകാരാതെ നിലനിര്‍ത്തുന്നതിനും ഉപരോധങ്ങള്‍ക്കിടയിലും ഇറാനുമായി കൈകോര്‍ക്കുകയുമാണ്ഇന്‍സ്റ്റെക്‌സിലൂടെ ലക്ഷ്യമിടുന്നത്.

''ഇപ്പോള്‍ ആദ്യ ഇടപാട് പൂര്‍ത്തിയായി, ഇന്‍സ്റ്റെക്‌സും അതിന്റെ ഇറാനിയന്‍ രൂപമായ എസ്ടിഎഫ്‌ഐയും കൂടുതല്‍ ഇടപാടുകള്‍ നടത്തുകയും സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനു പിന്നാലെ ഈ മാസം ആദ്യം മുതല്‍ ഇറാന് വൈദ്യസഹായം ലഭ്യമാക്കിയതായി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ഉള്‍പ്പെടുന്നു.ചൊവ്വാഴ്ച വരെ രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം 44,606 ആണ്, മരണസംഖ്യ 2,898 ആണ്.

വൈറസ് വ്യാപനം തടയുന്നതിനുള്ള ഇറാന്റെ ശ്രമങ്ങളെ യുഎസ് ഉപരോധത്തിലൂടെ തടസ്സം നില്‍ക്കുകയാണെന്ന് തെഹ്‌റാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതുമൂലം പ്രതിസന്ധി നിരവധി മാസങ്ങള്‍ ഇനിയും നീണ്ടുനില്‍ക്കുമെന്നും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും ഇറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫെബ്രുവരി അവസാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വാഷിംഗ്ടണിന്റെ ഒരു സഹായവും തങ്ങള്‍ സ്വീകരിക്കില്ലെന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it