Latest News

അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും; ബറാദര്‍ ഉപനേതാവ്

അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും; ബറാദര്‍ ഉപനേതാവ്
X

കാബൂള്‍: അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഹമ്മദ് ഹസന്‍ അഖുന്ദ് ആണ് കാവല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. അബ്ദുള്‍ ഖാനി ബറാദര്‍ ഉപനേതാവാകും. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാബിനറ്റ് അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ടത്.

അന്തരിച്ച താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഉമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബ് പ്രതിരോധ മന്ത്രിയാവും. സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. സൈനിക മേധാവി മൗലവി ഖാരി ഫസീഹുദ്ദീന്‍, ധനമന്ത്രി ഖാരി ദിന്‍ മുഹമ്മദ് ഹനീഫ്, ഹജ്ജ്, മതകാര്യമന്ത്രി മൗലവി നൂര്‍ മുഹമ്മദ് സാഖിബ്, നീതിന്യായവകുപ്പ് മൗലവി അബ്ദുള്‍ ഹക്കിം ഷെരിഇ, ഗോത്രകാര്യം മുല്ല നൂറുള്ള നൂരി, വിദേശകാര്യമന്ത്രി മൗലവി അമീര്‍ഖാന്‍ മുത്തഖ്വി തുടങ്ങി 33 മന്ത്രിമാരുടെ പേരുകളാണ് പുറത്തുവന്നിട്ടുള്ളത്.

ഇതുവരെ പ്രഖ്യാപിച്ചവരില്‍ മിക്കവരും പഴയ മുഖങ്ങളാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

പുതിയ കാബിനറ്റില്‍ താലിബാന് പുറത്തുനിന്നുള്ള നേതാക്കളില്ല. ഇതര വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ കാബിനറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ നിലവില്‍ വന്നത് താല്‍ക്കാലിക മന്ത്രിസഭയാണെന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി കാബിനറ്റ് വിപുലീകരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഇതുവരെ വന്ന റിപോര്‍ട്ട് അനുസരിച്ച് സ്്ത്രീകളെ കാബിനറ്റില്‍ ഉള്‍പ്പെടുത്തയിട്ടില്ല.

ആഗസ്ത് 15നാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചത്.

Next Story

RELATED STORIES

Share it