Latest News

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സിംഗപ്പൂരില്‍ 4 വര്‍ഷം തടവും ചൂരല്‍ പ്രയോഗവും ശിക്ഷ

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സിംഗപ്പൂരില്‍ 4 വര്‍ഷം തടവും ചൂരല്‍ പ്രയോഗവും ശിക്ഷ
X

സിംഗപ്പൂര്‍: നൈറ്റ് ക്ലബ്ബില്‍ കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 മാസത്തില്‍ നടന്ന സംഭവത്തിലാണ് വെള്ളിയാഴ്ച കോടതി വിധി പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. വിദ്യാര്‍ഥി വിസയില്‍ സംഗപ്പൂരിലെത്തിയ ഈശ്വര റെഡ്ഡി, ഒരു റസ്‌റ്റോറന്റില്‍ വച്ചാണ് യുവതിയെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇവര്‍ തന്റെ സുഹൃത്തുക്കളെ കാത്തിരിക്കുകയായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി യുവതിയെ കസേരയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം എടുത്ത് ഉയര്‍ത്തുകയും തൊട്ടടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. യുവതി നിലവിളിക്കുകയും തന്നെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതിയെ നിലത്തുകിടത്തി പ്രതി ഉപദ്രവിച്ചതായും താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഈ സമയത്ത് യുവതിയെ അന്വേഷിച്ചെത്തിയ അവരുടെ പുരുഷ സുഹൃത്തുക്കള്‍ സഹായത്തിനുള്ള നിലവിളി കേട്ട് അവിടേക്ക് ഓടിയെത്തി. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി മദ്യലഹരിയിലാണെന്നും തനിച്ചാണെന്നും മനസ്സിലാക്കി ഉപദ്രവിക്കാന്‍ മുതിര്‍ന്നതാണെന്നു ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍ ലൂ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത്.

Next Story

RELATED STORIES

Share it