Latest News

റെയില്‍വേയുടെ അന്തര്‍ സംസ്ഥാന തൊഴിലാളികളോടുള്ള പെരുമാറ്റം മനുഷ്യത്വരഹിതം; റെയില്‍വേയ്ക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ കത്ത്

റെയില്‍വേയുടെ അന്തര്‍ സംസ്ഥാന തൊഴിലാളികളോടുള്ള പെരുമാറ്റം മനുഷ്യത്വരഹിതം; റെയില്‍വേയ്ക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ കത്ത്
X

ന്യൂഡല്‍ഹി: വീടുകളിലേക്ക് മടങ്ങിപ്പോകുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളോടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പെരുമാറ്റത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രയിനുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ട്രയിനുകള്‍ വൈകിയെത്തിയതും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഗുജറാത്ത്, ബീഹാര്‍, ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചത്.

മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. വെള്ളവും ഭക്ഷണവും പോലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും നീണ്ട യാത്രയും മൂലം സ്ത്രീകളും പുരുഷന്മാരും അടങ്ങിയ തൊഴിലളികളും അവരുടെ കുട്ടികളും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

തൊഴിലാളികളോടുള്ള പെരുമാറ്റത്തെ കമ്മീഷന്‍ ക്രൂരവും പൈശാചികവുമെന്നാണ് വിശേഷിപ്പിച്ചത്. ഇനിയുള്ള യാത്രകളില്‍ ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി നാല് ആഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

നാട്ടിലെത്താന്‍ കഴിയാത്ത നിരാശയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അനുഭവങ്ങള്‍ കമ്മീഷന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബീഹാറിലെ ജെഹാനാബാദിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വച്ച് നാലു വയസുള്ള ആണ്‍കുട്ടി മരിച്ചതും മെയ് മാസം 16ന് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബീഹാറിലെ സിവാലേക്ക് പുറപ്പെട്ട ട്രയിന്‍ മെയ് 25 ന് വൈകിയെത്തിയതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു ട്രയിന്‍ വൈകിയെത്തുന്നത് മനസ്സിലാക്കാം, അത് അധികാരികളുടെ കൈപ്പിടിയിലുള്ള കാര്യമല്ല, പക്ഷേ, ഒരു ട്രയിന്‍ ആഴ്ചയോളം വൈകുന്നതും യാത്രയില്‍ നഷ്ടപ്പെടുന്നതും പൊറുക്കാനാവില്ല. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ പാവങ്ങളായതുകൊണ്ടുമാത്രം അവരോട് ഇങ്ങനെ പെരുമാറരുതെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it