Latest News

കൊവിഡ് 19: പ്രതിരോധം തകര്‍ന്ന് ഇന്ത്യ; ഇറ്റലിയെ പിന്നിലാക്കി ആറാം സ്ഥാനത്ത്

കൊവിഡ് 19: പ്രതിരോധം തകര്‍ന്ന് ഇന്ത്യ;  ഇറ്റലിയെ പിന്നിലാക്കി ആറാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി: ഒറ്റ ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ, ഇറ്റലിയെ പിന്നിലാക്കി. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,887 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2,36,657 ആയി. മരണങ്ങളുടെ എണ്ണത്തിലും ഇന്ത്യയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്. ഇന്ന് മാത്രം 294 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 6,642 ആയി.

അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവ കഴിഞ്ഞാല്‍ ഇന്ത്യ ലോകത്ത് കൊവിഡ് 19 ഏറ്റവും തീവ്രമായി ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇറ്റലിയില്‍ ഇതുവരെ 2,37,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വരെ ഇറ്റലിയായിരുന്നു ആറാം സ്ഥാനത്ത്.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,15,942 ആണ്. 1,14,072 പേരുടെ രോഗം ഭേദമായി. ഒരു രോഗി രാജ്യം വിട്ടുപോയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ രോഗവിമുക്തി നിരക്ക് 48.20 ശതമാനമാണ്.

രോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയമാണെന്ന നിലപാടിലാണ് പ്രതിപക്ഷം, ലോക്ക് ഡൗണിനു ശേഷം ഇന്ത്യയില്‍ രോഗം വര്‍ധിക്കുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അത് തെളിയിക്കുന്ന ഗ്രാഫും അദ്ദേഹം പുറത്തുവിട്ടു.

രാഹുല്‍ പുറത്തുവിട്ട ഗ്രാഫ്

സ്‌പെയിന്‍, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയവയുടെ താരതമ്യമാണ് അദ്ദേഹം നടത്തിയത്. അതനുസരിച്ച് ഇന്ത്യയൊഴിച്ച് എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൗണിനു ശേഷം രോഗബാധ കുറഞ്ഞുവെങ്കില്‍ ഇന്ത്യയില്‍ വ്യാപനം കൂടുകയായിരുന്നു.

ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പരാജയമായിരുന്നെന്ന് രാഹുല്‍ വിശേഷിപ്പിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ജൂണ്‍ 1 നു ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ചു.

ലോക്ക് ഡൗണിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുണ്ടായ കുടിയേറ്റം ഗ്രാമങ്ങളിലേക്കും രോഗവ്യാപനമുണ്ടാക്കിയെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ രണ്ടാമതൊരു കൊവിഡ് തരംഗത്തിനു കൂടി രാജ്യം സാക്ഷ്യം വഹിക്കും.

Next Story

RELATED STORIES

Share it