Latest News

സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാം; ലോകായുക്തയില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സിപിഐ

നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎം-സിപിഐ ചര്‍ച്ച നടത്തും.

സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാം; ലോകായുക്തയില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സിപിഐ
X

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ കടുംപിടുത്തം വിട്ട് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ. ലോകായുക്ത വിധി പരിശോധിക്കാന്‍ സര്‍ക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വെക്കും. നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎം-സിപിഐ ചര്‍ച്ച നടത്തും.

ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ത്തുള്ള ഭേദഗതിയെ ശക്തമായി എതിര്‍ത്ത സിപിഐ വിട്ടുവീഴ്ച ചെയ്ത് ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. വിധിക്കെതിരെ ഗവര്‍ണ്ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ അപ്പീല്‍ നല്‍കാമെന്നതാണ് പ്രധാന ഭേദഗതി.

ഫലത്തില്‍ സിപിഐ ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഉന്നതാധികാര സമിതിയുടെ ഘടന വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശം. സിപിഐ പിന്നോട്ട് പോകുമ്പോള്‍ ഈ ബദല്‍ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഎം-സിപിഐ ചര്‍ച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേ സമയം സിപിഐയുടെ ഭേദഗതി നിര്‍ദ്ദേശം മുന്‍ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.

Next Story

RELATED STORIES

Share it