Latest News

വയനാട് ജില്ലയില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ 86 ശതമാനം കഴിഞ്ഞു

വയനാട് ജില്ലയില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ 86 ശതമാനം കഴിഞ്ഞു
X

കല്‍പ്പറ്റ; വയനാട് ജില്ലയില്‍ 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള 86.4 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു. ഇതുവരെ ആകെ 25,327 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍ ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കാനായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. കേവലം 16 ദിവസം കൊണ്ടാണ് ഇത്രയധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും ഇത് സംസ്ഥാനതലത്തില്‍ തന്നെ ഒന്നാമതാണെന്നും ഡി എം ഒ വ്യക്തമാക്കി.

ജില്ലയില്‍ 14 ശതമാനത്തോളം കുട്ടികള്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുളളത്. സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശാനുസരിച്ച് ഒരു സ്‌കൂളില്‍ അഞ്ഞൂറിലധികം കുട്ടികള്‍ വാക്‌സിന്‍ എടുക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക ക്യാമ്പുകള്‍ നടത്തേണ്ടതുളളു. ജില്ലയിലെ ഒരു സ്‌കൂളിലും ഈ സാഹചര്യമില്ലാത്തതിനാല്‍ വാക്‌സിനെടുക്കാന്‍ അവശേഷിക്കുന്നവരെ കണ്ടെത്തി അധ്യപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ തൊട്ടടുത്തുളള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് വാക്‌സിന്‍ നല്‍കുന്നതിനുളള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്നും ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ 7,582 പേര്‍ക്ക് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ വാക്‌സിന്‍ നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 88 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

Next Story

RELATED STORIES

Share it