Latest News

തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കും

തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കും
X

തിരുവനന്തപുരം: നഗരത്തിലെ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും ഇത് സുഗമമാക്കുന്നതിന് തടസ്സമാവുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് കർശനമായി നിയന്ത്രിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

ഏഴ് റൂട്ടുകളിലാണ് കെഎസ്ആർടിസി ആദ്യം സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നത്. വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ള ബസുകൾ സർക്കുലറായി ക്ലോക്ക് വൈസ് ആയും ആന്റി ക്ലോക്ക് വൈസ് ആയും സർവീസ് നടത്തും. നിശ്ചിത തുക നൽകി പാസ് എടുക്കുന്നവർക്ക് 24 മണിക്കൂർ സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം.

ഇരു ഭാഗത്തുനിന്നും വരുന്ന ബസുകൾ സംഗമിക്കുന്ന സ്ഥലങ്ങളിൽ വാഹന പാർക്കിങ് മൂലം ട്രാഫിക് ബ്ലോക്കിന് സാധ്യതയുള്ളതിനാൽ അനധികൃത പാർക്കിങ് കർശനമായി തടയണമെന്ന് യോഗം തീരുമാനിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടി ഊർജിതമാക്കുമെന്ന് ട്രാഫിക് പോലീസ് യോഗത്തിൽ ഉറപ്പു നൽകി.

പൊതു ജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതുമായ പദ്ധതിക്ക് പൊതുജനങ്ങൾ എല്ലാ വിധ സഹകരണവും നൽകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു. നഗരസഭാ അങ്കണത്തിലുള്ള മൾട്ടി ലെവൽ പാർക്കിങ് സംവിധാനം അടിയന്തരമായി പ്രവർത്തനക്ഷമമാക്കുമെന്നും നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുമെന്നും നഗരസഭ ഉറപ്പു നൽകി.

ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകർ, തിരുവനന്തപുരം സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, തിരുവനന്തപുരം നഗരസഭ, പോലീസ്, പൊതുമരാമത്ത്, റോഡ് സേഫ്റ്റി അതോറിറ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it