Latest News

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവച്ചിടണം; 'ഏറ്റുമുട്ടല്‍കൊല'കളെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവച്ചിടണം; ഏറ്റുമുട്ടല്‍കൊലകളെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലുന്നതിനെ പരോക്ഷമായി ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചിടണം. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലിസിലെ ഓഫിസ് ഇന്‍ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. അസമിലെ പോലിസ് സംവിധാനം പുനര്‍നിര്‍വചിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി അസമില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ സംഭവങ്ങളെയും ഏറ്റുമുട്ടല്‍ കൊലകളെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

ബലാല്‍സംഗം, പീഡനം, കൊലപാതകം, ആയുധപ്രയോഗം, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ വിചാരണ വേഗത്തിലാക്കണമെന്നും കുറ്റപത്രം പെട്ടെന്ന് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ഒരു കുറ്റവാളി സര്‍വീസ് തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളെ വെടിവച്ചിടണം. അതേസമയം വെടിവയ്ക്കുന്നത് നെഞ്ചിന് താഴെയായിരിക്കണം- മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞു.

കുറ്റവാളികള്‍ ആയുധം തട്ടിയെടുത്ത് ഓടിപ്പോവുകയാണെങ്കില്‍ വെടിവയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ഇത്തരം വെടിവയ്പുകള്‍ അസമില്‍ ഒരു പാട്ടേണ്‍ ആയി മാറിയെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

അതേസമയം പോലിസിന് വെടിവയ്ക്കാന്‍ അധികാരമില്ലെന്ന് പിന്നീട് മാധ്യമങ്ങളുമായി സംസാരിച്ചപ്പോള്‍ മന്ത്രി പറഞ്ഞു. മറ്റ് സാധ്യതകള്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ ഇതുപയോഗിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തിനുശേഷം 12 പേരെയാണ് തീവ്രവാദികളെന്ന് ആരോപിച്ച് അസം പോലിസ് വെടിവച്ചുകൊന്നത്. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുകൊന്നുവെന്നായിരുന്നു പോലിസ് ഭാഷ്യം. ഇതിനെതിരേ അസമില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it