Latest News

കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത്തവണ ആദ്യ സുപ്രിംകോടതി വനിതാ ചീഫ് ജസ്റ്റിസ് സ്വപ്‌നം സഫലമായേക്കും

കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത്തവണ ആദ്യ സുപ്രിംകോടതി വനിതാ ചീഫ് ജസ്റ്റിസ് സ്വപ്‌നം സഫലമായേക്കും
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കൊളീജിയം സുപ്രിംകോടതിയില്‍ നിയമിക്കുന്നതിനുളള ഒമ്പത് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിക്കുകയാണെങ്കില്‍ പുതുതായി നിയമിക്കപ്പെടുന്നവരില്‍ മൂന്നുപേര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിക്കും. അവരില്‍ ഒരാള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് പദവിയും അലങ്കരിക്കും.

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌നയായിരിക്കും സുപിംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. ജസ്റ്റിസ് വിക്രം നാഥും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി എസ് നരസിംഹയും ചീഫ് ജസ്റ്റിസ് പദവിയിലെത്തിയാവും വിരമിക്കുക.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ഓക, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് എം എം സുന്ദ്രേശ്(മദ്രാസ് ഹൈക്കോടതി), സി ടി രവികുമാര്‍(കേരള ഹൈക്കോടതി), ബേല എം ത്രിവേദി(ഗുജറാത്ത് ഹൈക്കോടതി) എന്നിവരാണ് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍. പി എസ് നരസിംഹ മുതിര്‍ന്ന അഭിഭാഷകനാണ്.

22 മാസത്തിനുശേഷമാണ് സുപ്രിംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുന്നത്. കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് നരിമാന്‍ വിരമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊളീജിയം ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്.

2019 മുതല്‍ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് നരിമാന്‍ ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോരിറ്റി ലിസ്റ്റില്‍ ജസ്റ്റിസ് ഒകയെയാണോ ത്രിപുര ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേശിയെയാണോ ആദ്യം ശുപാര്‍ശ ചെയ്യേണ്ടതെന്ന കാര്യത്തില്‍ എടുത്ത നിലപാടുകള്‍ ചില പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ ചീഫ് ജസ്റ്റിസ് രമണ അതൃപ്തി പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റിസ് രമണ 2022 ആഗസ്തില്‍ വിരമിച്ചാല്‍ അടുത്ത സാധ്യത നിലനില്‍ക്കുന്നത് യു.യു ലളിതിനും ഡി വൈ ചന്ദ്രചൂഢിനും സഞ്ജീവ് ഖന്നക്കും ബി ആര്‍ ഗവായിക്കും സൂര്യകാന്തിനുമാണ്.

സൂര്യകാന്തിനുശേഷം 2027ല്‍ ജസ്റ്റിസ് നാഥ് ആണ് പട്ടികയില്‍ വരിക. 2027 ഫെബ്രുവരി 9 മുതല്‍ 2027 സപ്തംബര്‍ 24 വരെ. ജസ്റ്റിസ് വിക്രം നാഥ് ഇപ്പോള്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയാണ്.

അദ്ദേഹം വിരമിച്ചാല്‍ അടുത്ത സാധ്യത ജസ്റ്റിസ് നാഗരത്‌നക്കാണ്. 2027 സപ്തംബര്‍ 25 മുതല്‍ 2027 ഒക്ടോബര്‍ 29 വരെ. ഏകദേശം ഒരു മാസം മാത്രം. ഇതിനു മുമ്പ് ജസ്റ്റിസ് രാജേന്ദ്ര ബാബു വെറും 29 ദിവസം മാത്രം ചീഫ് ജസ്റ്റിസായി ഇരുന്നിട്ടുണ്ട്. മെയ് 2004ല്‍.

മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വെങ്കടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന. ബെംഗളൂരുവില്‍ കൊമേഴ്ഷ്യല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ 2008ലാണ് കര്‍ണാടക ഹൈക്കോടതിയിലെത്തിയത്. കര്‍ണാടക ഹൈക്കോടതിയിലെ രണ്ടാം സ്ഥാനക്കാരിയാണ് അവര്‍ ഇപ്പോള്‍.

അഡ്വ. പി എസ് നരസിംഹയായിരിക്കും ജസ്റ്റിസ് നാഗരത്‌നക്കുശേഷം ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. 2027 ഒക്ടോബര്‍ 20 മുതല്‍ 2028 മെയ് 3 വരെയായിരിക്കും കാലാവധി. നേരിട്ട് സുപ്രിംകോടതിയിലെത്തി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ഒരാള്‍ മാത്രമേ ഇതുവരെയുണ്ടായിട്ടുള്ളു- ജസ്റ്റിസ് എസ് എം സിക്രി, 1971ല്‍.

Next Story

RELATED STORIES

Share it