Latest News

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക; സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ഐസിഎഫ്

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക; സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ഐസിഎഫ്
X

അബൂദബി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) പ്രക്രിയയില്‍ പ്രവാസികള്‍ക്കുള്ള അവകാശങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന ആശങ്ക ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരിച്ചാണ് തിരഞ്ഞെടുപ്പ് കമീഷന്‍ എസ്‌ഐആര്‍ നടത്തുന്നത്.

2023ലെ കണക്കുകള്‍ പ്രകാരം 22.5 ലക്ഷത്തിലധികം കേരളീയരാണ് വിദേശത്ത് ജോലി ചെയ്യുന്നത്. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവരില്‍ വെറും 90,051 പേര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. 21 ലക്ഷത്തിലധികം പ്രവാസികള്‍ ഇപ്പോഴും പട്ടികയില്‍ നിന്ന് പുറത്താണ്.

നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ നേരത്തെ പേര് ഉള്‍പ്പെടുത്തിയവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ പുതുക്കാന്‍ കഴിയുമെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടിലെത്തിയുള്ള നേരിട്ടുള്ള പരിശോധനയിലൂടെ മാത്രമേ വോട്ടവകാശം നിലനിര്‍ത്താനാകൂ. പുതുതായി പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി ഉദ്യോഗസ്ഥരുടെ മുന്‍പാകെ നേരിട്ടെത്തേണ്ടതുണ്ട്.

എന്നാല്‍, വിദേശത്തുള്ള ഭൂരിഭാഗം പ്രവാസികള്‍ക്ക് മൂന്നു മാസത്തെ സമയപരിധിക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഐസിഎഫ് ചൂണ്ടിക്കാട്ടി. എസ്ഐആര്‍ പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന പ്രക്രിയയാകരുതെന്നും, ബൂത്ത് ലെവല്‍ പരിശോധനയ്ക്ക് പകരം ഡിജിറ്റല്‍ സംവിധാനങ്ങളോ മറ്റ് അംഗീകൃത സര്‍ക്കാര്‍ രേഖകളോ വഴി തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ അവസരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യം പരിഗണിച്ച് സമയപരിധി ദീര്‍ഘിപ്പിക്കണമെന്നും, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ തുറക്കണമെന്നും ഐസിഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it