Latest News

ഐഎഎസ് ഫലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി; സ്ഥാപനത്തിന് 11 ലക്ഷം പിഴ

ഐഎഎസ് ഫലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി; സ്ഥാപനത്തിന് 11 ലക്ഷം പിഴ
X

ന്യൂഡല്‍ഹി: ഐഎഎസ് പരീക്ഷാ ഫലങ്ങളെ അടിസ്ഥാനമാക്കി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ പരിശീലന സ്ഥാപനത്തിന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) 11 ലക്ഷം രൂപ പിഴ ചുമത്തി. ഡല്‍ഹി ആസ്ഥാനമായ വിഷന്‍ ഐഎഎസ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. തങ്ങളുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള കോഴ്‌സുകള്‍ പഠിച്ചവരാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയതെന്ന തരത്തില്‍ പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചതായി സിസിപിഎ കണ്ടെത്തി.

2023ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ പത്തു റാങ്കില്‍ ഏഴു പേരും നൂറില്‍ 79 പേരും തങ്ങളുടെ കോഴ്‌സ് പഠിച്ചവരാണെന്ന് സ്ഥാപനം അവകാശപ്പെട്ടു. അതുപോലെ, 2022ലെ ആദ്യ 50 റാങ്കില്‍ 39 പേരും തങ്ങളുടേതായ പരിശീലനം നേടിയവരാണെന്നും പരസ്യങ്ങളില്‍ വ്യക്തമാക്കി. എന്നാല്‍ സിസിപിഎ നടത്തിയ അന്വേഷണത്തില്‍, പരസ്യങ്ങളില്‍ പരാമര്‍ശിച്ച 119 റാങ്ക് ജേതാക്കളില്‍ മൂന്നു പേര്‍ മാത്രമാണ് വിഷന്‍ ഐഎഎസില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. തുടര്‍ച്ചയായി ഒരേ തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് അതോറിറ്റി അറിയിച്ചു.

വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ സമ്മതമില്ലാതെയാണ് അവരുടെ ഫോട്ടോകളടക്കം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്നും സിസിപിഎ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന മല്‍സരസ്വഭാവമുള്ള യുപിഎസ്‌സി പരീക്ഷയെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും വിദ്യാര്‍ഥികളെ ഗൗരവമായി ബാധിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിവിധ പരിശീലന സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 57 നോട്ടിസുകള്‍ നല്‍കിയിട്ടുണ്ടെന്നും സിസിപിഎ അറിയിച്ചു.

Next Story

RELATED STORIES

Share it