Latest News

സ്വകാര്യ ബസ് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി; നിരീക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സ്വകാര്യ ബസ് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി; നിരീക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കോട്ടയം: സ്വകാര്യബസ് ജീവനക്കാരുടെ നിയമലംഘനങ്ങള്‍ തടയുന്നതിനും പൊതുയാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലാതലങ്ങളില്‍ പ്രത്യേക നിരീക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശിച്ചു. അമിതവേഗം, നിയമലംഘനം, അശ്രദ്ധയോടുകൂടിയ ഡ്രൈവിങ് തുടങ്ങിയ പ്രവണതകള്‍ക്കെതിരേ സീറോ ടോളറന്‍സ് നിലപാട് സ്വീകരിച്ച് കര്‍ശന ശിക്ഷാ നടപടികള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സുരക്ഷാ ബോധവത്കരണ ക്യാംപെയിനുകള്‍ ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കണം. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പരാതി നല്‍കാന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ സംവിധാനവും ഹെല്‍പ്പ്‌ലൈന്‍ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. അപകടങ്ങളുടെ അന്വേഷണറിപോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ രണ്ടുമാസത്തിനകം നടപ്പാക്കുകയും നടപടി റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജൂലയ് 11നു കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലെ ഒരു സ്വകാര്യ ബസിനെതിരേ ഉയര്‍ന്ന പരാതിയിലാണ് ഇടപെടല്‍. ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ വിദ്യാര്‍ഥിനി അപകടത്തില്‍പ്പെട്ട സംഭവമാണ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സും കണ്ടക്ടറിന്റെ കണ്ടക്ടര്‍ ലൈസന്‍സും ആറുമാസത്തേക്ക് റദ്ദാക്കുകയായിരുന്നെന്ന് കോട്ടയം ആര്‍ടിഒ റിപോര്‍ട്ടില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it