Latest News

വെള്ളവും വൈദ്യുതിയുമില്ലാത്ത സ്ഥലം പതിച്ചു നൽകിയതിനെതിരേ മനുഷ്യാവകാശ കമ്മീഷൻ

വെള്ളവും വൈദ്യുതിയുമില്ലാത്ത സ്ഥലം പതിച്ചു നൽകിയതിനെതിരേ മനുഷ്യാവകാശ കമ്മീഷൻ
X

കോഴിക്കോട് : 168 ഗുണഭോക്താക്കൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സർക്കാരുകളും സർക്കാർ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് ജില്ലയിൽ കരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം.

കോഴിക്കോട് ജില്ലാകളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ കരുവട്ടൂർ പഞ്ചായത്തിൽ അനുവദിച്ച് നൽകിയ ഭൂമിയിലേക്ക് വാഹനഗതാഗതം ലഭ്യമല്ലെന്ന് പറയുന്നു. പുറ്റമണ്ണിൽ താഴം റോഡിൽ നിന്നും റോഡ് വെട്ടിയിട്ടുണ്ട്. 168 വ്യക്തികൾക്ക് ഭൂമി പതിച്ചു നൽകിയെങ്കിലും താമസക്കാരാരും എത്തിയിട്ടില്ല. അതിനാൽ പഞ്ചായത്ത് സ്പെഷ്യൽ സ്കീമിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ 3 സെന്റ് ഭൂമി അനുവദിച്ച ചെന്നിക്കോട് പറമ്പിൽ ഉഷയ്ക്ക് വേണ്ടിയാണ് പൊതു പ്രവർത്തകനായ എ. സി. ഫ്രാൻസിസ് കമ്മീഷനെ സമീപിച്ചത്.

ഉഷ അടക്കമുള്ള 168 പേർക്കും വീട് നിർമ്മിക്കാൻ സuകര്യപ്രദമായ സ്ഥലം അനുവദിക്കുകയോ അല്ലെങ്കിൽ നിലവിൽ സ്ഥലം സഞ്ചാരയോഗ്യമാക്കുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എളുപ്പവും പ്രാവർത്തികവുമായത് ഏതാണെന്ന് പരിശോധിച്ച് എത്രയും വേഗം ജില്ലാ കളക്ടർ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.

Next Story

RELATED STORIES

Share it