Latest News

ഗൃഹപ്രവേശം, മാതാവിന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍; ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികള്‍ക്ക് ലഭിച്ചത് ആയിരത്തോളം ദിവസത്തെ പരോള്‍

ഗൃഹപ്രവേശം, മാതാവിന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍; ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികള്‍ക്ക് ലഭിച്ചത് ആയിരത്തോളം ദിവസത്തെ പരോള്‍
X

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ പതിനൊന്നും പ്രതികളെയും സ്വതന്ത്രരാക്കിക്കൊണ്ടുള്ള നടപടിക്കെതിരേ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കും. സിബിഐയുടെയും ജഡ്ജിയുടെയും എതിര്‍പ്പിനെ മറികടന്നാണ് ഇവരെ മോചിപ്പിച്ചതെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

ഇതിനിടയിലാണ് കുറ്റവാളികളില്‍ മിക്കവര്‍ക്കും ലഭിച്ചത് ആയിരത്തോളം ദിവസത്തെ പരോളാണെന്ന വിവരം പുറത്തുവന്നത്. ഗൃഹപ്രവേശം, മകന്റെ വിവാഹം, അമ്മയുടെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവയാണ് പലരും പരോളിനുള്ള അപേക്ഷക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. ചില കേസുകളില്‍, അവര്‍ക്ക് നേരത്തെ ലഭിച്ച പരോളിന്റെ പേരില്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം കേസില്‍ ഗോധ്ര സബ് ജയില്‍ അധികാരികള്‍ മുഖേന പ്രാദേശിക ഭരണകൂടത്തിന് അപ്പീല്‍ നല്‍കി.

2022 ഏപ്രിലില്‍ ഗൃഹപ്രവേശത്തിന് 28 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് പ്രതികളിലൊരാളായ രാധശ്യാം ഷായുടെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി നിരസിച്ചു. ആ വര്‍ഷം ജനുവരി 29 മുതല്‍ മാര്‍ച്ച് 30 വരെ ഷാ ഇതിനകം 60 ദിവസം പരോളില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് കാരണം. അതുപോലെ, മാതാവിന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ഓപ്പറേഷനായി ഷാ മൂന്ന് മാസത്തെ ഇടക്കാല ജാമ്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലഭിക്കുകയും ചെയ്തു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ 'നല്ല പെരുമാറ്റത്തിന്റെ പേരിലാണ് സ്വതന്ത്രരാക്കിയത്. എന്നാല്‍ പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബാനു പരാതി നല്‍കിയിരുന്നു. കേസിലെ സാക്ഷികളും പരാതി നല്‍കിയിരുന്നു.

2021 ഫെബ്രുവരിയില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്ക് സാക്ഷിപ്പട്ടികയിലുള്ള ചിലര്‍ എഴുതിയ കത്തില്‍ പ്രതികള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും ബിസിനസ്സുകള്‍ തുടരുന്നുണ്ടെന്നും തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സൂചിപ്പിച്ചിരുന്നു. 'സാക്ഷികള്‍' പ്രതികളെ ഭയന്നാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പരോള്‍ സമയത്ത് പ്രതികള്‍ ബിജെപി പരിപാടികളില്‍ പങ്കെടുത്തിരുന്നു. നാലാം പ്രതിയായ ശൈലേഷ് ഭട്ട് ബിജെപി പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ദാഹോദില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാക്കളുമായി വേദി പങ്കിട്ടിരുന്നുവെന്നും സാക്ഷികള്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്.

കേസിലെ മറ്റ് സാക്ഷികളായ ആദം ഗഞ്ചിയും ഇംതിയാസ് ഗഞ്ചിയും, പ്രതികളായ ഷായുടെയും വോഹാനിയയുടെയും കുടുംബാംഗങ്ങള്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി 2017ല്‍ ദാഹോദിലെ പോലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതികള്‍ക്ക് അനുകൂലമായി മൊഴി രേഖപ്പെടുത്താന്‍ പല സാക്ഷികളും നിര്‍ബന്ധിതരായി. എട്ട് പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 16 രന്ദിക്പൂര്‍ നിവാസികള്‍, 'പ്രതികള്‍ക്ക് അനുകൂലമായ മൊഴി രേഖപ്പെടുത്താന്‍' രണ്‍ദിക്പൂര്‍ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ദഹോദ് കളക്ടര്‍ക്ക് സംയുക്ത മൊഴി അയച്ചതായി റിപോര്‍ട്ടുണ്ട്.

സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ കത്തിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ബില്‍ക്കിസിന് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. 2002 മാര്‍ച്ച് 3ന്, അഹമ്മദാബാദിനടുത്തുള്ള രന്ധിക്പൂര്‍ ഗ്രാമത്തില്‍വച്ച് ഹിന്ദുത്വര്‍ അവരെ ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.

ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയുംചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ സിബിഐയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്രവും ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും മോചിപ്പിച്ചതെന്ന് പുറത്തുവന്ന രേഖകള്‍. കേസില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും.

രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയില്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് കുറ്റവാളികള്‍ മോചിതരായത്. ഗുജറാത്തിലെ ജയിലിന് പുറത്ത് മാലയും മധുരവും നല്‍കി സംഘപ്രവര്‍ത്തകര്‍ ഇവരെ സ്വീകരിച്ചു.

Next Story

RELATED STORIES

Share it