Latest News

ഹോങ്കോങ്ങില്‍ വിഘടനവാദ ആരോപണമുന്നയിച്ച് ജനാധിപത്യ അനുകൂല മുദ്രാവാക്യങ്ങള്‍ക്ക് നിരോധനം

ഹോങ്കോങ്ങില്‍ വിഘടനവാദ ആരോപണമുന്നയിച്ച് ജനാധിപത്യ അനുകൂല മുദ്രാവാക്യങ്ങള്‍ക്ക് നിരോധനം
X

ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമത്തിന്റെ മറവില്‍ ചൈനീസ് അനുകൂല ഹോങ്കോങ് ഭരണകൂടം ജനാധിപത്യ ഉള്ളടക്കമുളള മുദ്രാവാക്യങ്ങള്‍ നിരോധിച്ചു. നമ്മുടെ കാലത്തെ വിപ്ലവമാണ് ഹോങ്കോങിനെ വിമോചിപ്പിക്കലെന്ന മുദ്രാവാക്യത്തിനാണ് നിരോധനം. ഈ മുദ്രാവാക്യം ഉയര്‍ത്തിയ ആക്റ്റിവിസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയെന്ന് ഹോങ്കോങ് ഫ്രീ പ്രസ് റിപോര്‍ട്ട് ചെയ്തു.

പ്രമുഖ പാര്‍ലമെന്റേറിയനും യങ് ഇന്‍സ്പിരേഷനെന്ന സംഘടനയുടെ പ്രവര്‍ത്തകനുമായിരുന്ന ബാഗിയോ ലിയുങ്, മുന്‍ പ്രക്ഷോഭകാരി എഡ്വേര്‍ഡ് ലിയുങ് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മുദ്രാവാക്യമാണ് ഇത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഷിയുങ് വാനില്‍ പൊട്ടിപ്പുറപ്പെട്ട ഹോങ്കോങ് കുറ്റവാളി കൈമാറ്റ നിയമത്തിനെതിരേയുള്ള സമരകാലത്ത് ഈ മുദ്രാവാക്യം ജനശ്രദ്ധ പിടിച്ചുപറ്റി.


ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തുന്നതും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പുറത്തുവന്ന ഉടന്‍ പ്രമുഖ രാഷ്ട്രീയ പ്രക്ഷോഭ ഗ്രൂപ്പായ ടിന്‍ ഷുയ് വായ്‌യുടെ ഓഫിസ് സ്ഥിതിചെയ്യുന്ന തെരുവില്‍ ഇരുപതോളം വരുന്ന പോലിസ് സംഘം പ്രവര്‍ത്തകരോട് മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉത്തരവിലൂടെ മുദ്രാവാക്യങ്ങള്‍ നിരോധിച്ചാലും കോടതി അത് തള്ളുമെന്ന് ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലാം ചുവാന്‍ പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ ഹോങ്കോങിന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിനാണ് വിലക്കേര്‍പ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ ഹോങ്കോങിന്റെ വിമോചനമെന്ന മുദ്രാവാക്യത്തിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



ഹോങ്കോങിന്റെ ആധിപത്യത്തിനുവേണ്ടിയുള്ള ചൈനീസ് ശ്രമങ്ങള്‍ക്കെതിരേ ഹോങ്കോങ് ജനത കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമരത്തില്‍ ചൈനീസ് പക്ഷത്താണ് ഹോങ്കോങ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന ആരോപണം പ്രക്ഷോഭകാരികള്‍ ഉയര്‍ത്താറുണ്ട്. ഹോങ്കോങില്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യുന്നവരെ ചൈനയ്ക്ക് കൈമാറാനുളള കുറ്റവാളി കൈമാറ്റ നിയമത്തിനെതിരേ കഴിഞ്ഞ വര്‍ഷം ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it