Latest News

നമസ്‌കാര കേന്ദ്രങ്ങളെ കളിസ്ഥലങ്ങളാക്കി ഹിന്ദുത്വര്‍; ഗുരുഗ്രാമില്‍ മൂന്ന് വര്‍ഷം കൊണ്ട് നമസ്‌കാര കേന്ദ്രങ്ങളുടെ എണ്ണം ഇരുപതായി ചുരുങ്ങി

നമസ്‌കാര കേന്ദ്രങ്ങളെ കളിസ്ഥലങ്ങളാക്കി ഹിന്ദുത്വര്‍; ഗുരുഗ്രാമില്‍ മൂന്ന് വര്‍ഷം കൊണ്ട് നമസ്‌കാര കേന്ദ്രങ്ങളുടെ എണ്ണം ഇരുപതായി ചുരുങ്ങി
X

ഗുരുഗ്രാം ഒരു പരീക്ഷണശാലയാണ്, പൊതു ഇടങ്ങളില്‍ നിന്ന് ഒരു ജനതയെ ആട്ടിയോടിക്കുന്നതെങ്ങനെയെന്ന് പരീക്ഷിക്കുന്ന ഹിന്ദുത്വയുടെ പുതിയ കേന്ദ്രം. 2018ല്‍ നൂറ് കേന്ദ്രങ്ങളില്‍ നമസ്‌കരിച്ചിരുന്ന മുസ് ലിംകള്‍ക്ക് ഈ നവംബറില്‍ അവസാന കണക്കെടുക്കുമ്പോള്‍ അവശേഷിക്കുന്നത് 20 നമസ്‌കാര കേന്ദ്രങ്ങള്‍ മാത്രം. ഒറ്റയടിക്കല്ല ഈ കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടത്, ചില കേന്ദ്രങ്ങളില്‍ നിന്ന് ഹിന്ദുത്വര്‍ മുസ് ലിംകളെ അടിച്ചോടിപ്പിച്ചു. ചില കേന്ദ്രങ്ങള്‍ ചാണകം വിതറി വൃത്തികേടാക്കി. ചില കേന്ദ്രങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറ്റി, വെള്ളിയാഴ്ചകളില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. ചില കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ക്ക് വഴങ്ങി വേണ്ടെന്നുവച്ചു. ചില കേന്ദ്രങ്ങള്‍ ഭയന്ന് മുസ് ലിംകള്‍ തന്നെ വേണ്ടെന്നു വച്ചു. നവംബറിനു മുന്‍പ് നമസ്‌കാരകേന്ദ്രങ്ങള്‍ 32 എണ്ണമുണ്ടായിരുന്നു. അതാണിപ്പോള്‍ 20ലേക്ക് ചുരുങ്ങിയത്. മുസ് ലിംകളെ പൊതുഇടത്തില്‍ നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദുത്വര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിന് മുമ്പ് അതവര്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

ഗുരുഗ്രാമിലെ ഖന്‍ഡാസ ഗ്രാമം വിദ്വേഷത്തിന്റെ ഒരു മാതൃകയാണ്. നവംബര്‍ 24ന് അവിടത്തെ ഹിന്ദുത്വര്‍ ജില്ലാ അധികൃതര്‍ക്ക് ഒരു പരാതി നല്‍കി. തങ്ങളുടെ കൊച്ചുകുട്ടികള്‍ക്ക് കളിസ്ഥലമില്ല. നവംബര്‍ 19നാണ് പരാതിയുടെ കരട് തയ്യാറാക്കിയത്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. നമസ്‌കാരം കണ്ട് കുട്ടികള്‍ ഭയന്നിരിക്കുകയാണെന്നും ഗ്രാമീണര്‍ പ്രകോപിതരാണെന്നും അവര്‍ കത്തില്‍ സൂചിപ്പിച്ചു.

22 ഹിന്ദുത്വ സംഘടനകളുടെ പൊതുവേദിയായ സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയാണ് പ്രചാരണത്തിന്റെ മുന്‍കൈ ഏറ്റെടുത്തത്. മുസ് ലിംകളില്‍ നിന്ന് പൊതു സ്ഥലം 'തിരിച്ചുപിടിക്കാനുള്ള' സംഘടനയാണ് ഈ സമിതി. നവംബര്‍ 26ന് സമിതി നമസ്‌കാര കേന്ദ്രത്തില്‍ ഒത്തുകൂടി ഒരു ഹോമകുണ്ഡം ജ്വലിപ്പിച്ചു. 2008 മുബൈ ഭീകരാക്രമണത്തെ സ്മരിക്കുന്നതിനാണത്രെ അത്. അതോടെ ആ കേന്ദ്രവും നഷ്ടപ്പെട്ടു.

പൊതുസ്ഥലങ്ങള്‍ നമസ്‌കരിക്കാന്‍ വിട്ടുകൊടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹിന്ദുത്വരുടെ വാദം. അങ്ങനെ വിട്ടുകൊടുക്കാന്‍ എഴുതിവച്ചനിയമമില്ലെന്നും അവര്‍ വാദിക്കുന്നു.

ഗുരുഗ്രാമിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലുളളവരാണ് ആദ്യം രംഗത്തുവന്നത്. പിന്നീട് അത് നഗര, അര്‍ധ നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലായിടത്തേക്കും വ്യാപിച്ചു.

ഗുരുഗ്രാമില്‍ 5 ലക്ഷം മുസ് ലിംകളാണ് ജീവിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണര്‍ അവകാശപ്പെടുന്നത് 1.5 ലക്ഷം പേരെ ഉള്ളുവെന്നാണ്. അത് കണക്കിലെടുത്താലും പ്രദേശത്തെ 13 പള്ളികളില്‍ ഇവര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുള്ള സ്ഥല സൗകര്യമില്ല.

13 പള്ളികളിലായി ഉള്‍ക്കൊള്ളിക്കാവുന്നത് 20,000 പേരെയാണ്. മറ്റുള്ളവര്‍ പള്ളിക്കുപുറത്താവും. നേരത്തെ ഇവിടെ 19 പള്ളികളുണ്ടായിരുന്നു. വിഭജനത്തോടെ എണ്ണം ചുരുങ്ങി. പല പള്ളികളും ഉപേക്ഷിക്കേണ്ടിവന്നു. അത് നന്നാക്കിയെടുക്കാനുള്ള ശ്രമം ഹിന്ദുത്വര്‍ തടഞ്ഞതുകൊണ്ട് ഇപ്പോഴും തകര്‍ന്ന നിലയില്‍ തുടരുന്നു. ഗുരുഗ്രാം വക്കഫ് ബോര്‍ഡ് അംഗം ജമാലുദ്ദീന്‍ ഖാന്‍ പറയുന്നത് അത്തരം ശ്രമങ്ങള്‍ ഹിന്ദുത്വരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവെന്നാണ്.

പുതിയ ഗുരുഗ്രാം മേഖലയില്‍ 9 പള്ളികളുണ്ട്. ഇവിടെ നാലെണ്ണം കൂടി പുതുതായി സ്ഥാപിക്കപ്പെട്ടു. എല്ലാം കൂടിയാലും ഈ പള്ളികള്‍ക്കും വിശ്വാസികളെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവില്ല. പള്ളികള്‍ വാങ്ങി നമസ്‌കാരം അങ്ങോട്ടാക്കാനുളള പണവും വിശ്വാസികളുടെ കയ്യിലില്ല. അങ്ങനെയാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നൂറ് കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയത്. വ്യവസായ മേഖലകള്‍, അങ്ങാടികള്‍, വെളിമ്പ്രദേശങ്ങള്‍, കളിസ്ഥലങ്ങള്‍ ഇതൊക്കെയാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കായി വിട്ടുകൊടുത്തത്. അതുകഴിഞ്ഞാല്‍ സ്ഥലം ഒഴിഞ്ഞ് കൊടുക്കുകയും ചെയ്യും.

ഈ സ്ഥലങ്ങള്‍ വാക്കാലാണ് അനുവദിച്ചത്. അത് നിയമവിരുദ്ധമാണെന്നാണ് ഹിന്ദുത്വരുടെ വാദം. പല തീരുമാനങ്ങളും വാക്കാല്‍ തന്നെയാണ് എടുക്കുന്നതും നടപ്പാക്കുന്നതും. ഭരണകൂടം നടപ്പാക്കുന്നതുകൊണ്ട് ആരും എതിര്‍പ്പുപറയില്ല. ഇവിടെ തീരുമാനം നടപ്പാക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് തീരുമാനം എല്ലായ്‌പോഴും അട്ടിമറിക്കപ്പെടുന്നു.

2018ലാണ് പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നത് ഒരു പ്രശ്‌നമായി ഹിന്ദുത്വര്‍ ഉയര്‍ത്തുന്നത്. അതോടെയാണ് ജില്ലാ ഭരണകൂടം യോഗം വിളിച്ച് നൂറ് കേന്ദ്രങ്ങളില്‍ നമസ്‌കരിക്കാന്‍ അനുവദിച്ചത്. പിന്നീട് ഹുന്ദുത്വര്‍ പ്രതിഷേധിച്ചപ്പോള്‍ അവരെ പിണക്കേണ്ടെന്ന് ഉപദേശിച്ച് ജില്ലാ ഭരണകൂടം തന്നെ ഓരോന്നോരോന്നായി ഒഴിവാക്കി. അങ്ങനെയാണ് 34 കേന്ദ്രങ്ങളിലായി നമസ്‌കാരം ചുരുങ്ങിയത്.

2021 മാര്‍ച്ചോടെയാണ് ദിനേഷ് ഭാരതിയെന്ന ഭാരത് മാതാ വാഹിനിയെന്ന ഹിന്ദുത്വ സംഘടനാ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടത്. ഇയാളുടെ കടന്നുവരവോടെ ഹിന്ദുത്വരുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ലാന്‍ഡ് ജിഹാദ് എന്ന് പേരിട്ട് നമസ്‌കാര കേന്ദ്രങ്ങളെ ആക്രമിക്കുന്നത് പതിവായി. അതിനിടയില്‍ ലാത്തികളും മഴുവും സൂക്ഷിച്ച അയാളുടെ കാറിന്റെ ഫോട്ടോ പുറത്തുവന്നു. അത് വൈറലുമായി. സമ്മര്‍ദ്ദത്തിനൊടുവില്‍ അയാള്‍ക്കെതിരേ പോലിസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല.

നവംബര്‍ 3ന് ജില്ലാ ഭരണകൂടം ഹിന്ദുത്വരുടെയും മുസ് ലിം സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ആ യോഗത്തിലാണ് കേന്ദ്രങ്ങളുടെ എണ്ണം 20 ആക്കിയത്.

നവംബര്‍ മൂന്നിലെ യോഗത്തില്‍ മുസ് ലിംകള്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. മുസ് ലിം രാഷ്ട്രീയ മഞ്ചായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഏതാനും പ്രാദേശിക ഇമാമുമാരും അവരെ പിന്തുണച്ചു. പ്രതിഷേധമുണ്ടാകുന്ന ഒരു സ്ഥലത്തും തങ്ങള്‍ നമസ്‌കരിക്കുകയില്ലെന്ന് ഈ ഇമാമുമാര്‍ ജില്ലാ ഭരണകൂടത്തിന് നവംബര്‍ മൂന്നിന് മുമ്പു തന്നെ എഴുതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ യോഗത്തില്‍ വലുതായെന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയാണ് കേന്ദ്രങ്ങളുടെ എണ്ണം 20 ആയത്. മുസ് ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനായി ആര്‍എസ്എസ്സ് തന്നെയാണ് മുസ് ലിം രാഷ്ട്രീയ മഞ്ചിന് നേതൃത്വം നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it