Latest News

ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി

1963ലെ കേരള പബ്ലിക് റിസോര്‍ട്ട് നിയമപ്രകാരമാണ് സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്

ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി
X

കൊച്ചി:സംസ്ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി.അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ജിംനേഷ്യങ്ങള്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസികള്‍ നല്‍കിയ ഹരജികളിലാണ് വിധി.

ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനം ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലും നിയമപരവുമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെവേണ്ടി സ്ഥിരമായോ താല്‍കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.

യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ളവരും ജിംനേഷ്യത്തില്‍ പോകുന്നത് അഭിമാനമായി കാണുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തിന് വേണ്ടിയാണ് ഇതെന്നതിനാല്‍ നല്ല ലക്ഷണമാണ്. എന്നാല്‍ മതിയായ ലൈസന്‍സോടെ വേണം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ലൈസന്‍സില്ലാതെ ജിം പ്രവര്‍ത്തിക്കുന്നോ എന്ന് കണ്ടെത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. ഉണ്ടെന്ന് കണ്ടാല്‍ മൂന്നുമാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് നോട്ടിസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.1963ലെ കേരള പബ്ലിക് റിസോര്‍ട്ട് നിയമപ്രകാരമാണ് സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്.


Next Story

RELATED STORIES

Share it