Latest News

പീച്ചി ഡാം ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി രാജന്‍

പീച്ചി ഡാം ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി രാജന്‍
X

തൃശൂര്‍: മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്. മേജര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായും ജനപ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. നിലവില്‍ മണലിപ്പുഴയിലെ ജലനിരപ്പ് വലിയ പ്രശ്‌നമില്ലാതെയാണ് കടന്നുപോകുന്നത്. അടുത്ത രണ്ട് ദിവസം മഞ്ഞ അലേര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും മഴ കനക്കുന്നതിന് മുമ്പ് പീച്ചി ഡാമിലെ വെള്ളത്തിന്റെ അളവ് ചെറിയ തോതില്‍ കുറയ്‌ക്കേണ്ടതുള്ളതു കൊണ്ടാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകള്‍ അഞ്ച് മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 25 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ഇത് മണലിപ്പുഴയിലെ ജല നിരപ്പില്‍ വലിയ മാറ്റങ്ങളുണ്ടാക്കില്ല.

പുഴയിലെ ജലനിരപ്പ് അപകടന നിലയില്‍ എത്തുന്നത് 6.1 മീറ്ററിലാണ്. നിലവില്‍ 5.53 ആണ് പുഴയിലെ ജലനിരപ്പ്. അത് അപകട നിലയിലേക്ക് പെട്ടെന്ന് എത്താനിടയില്ല. അതിനാല്‍ ഡാം ഷട്ടറുകള്‍ ഉയര്‍ത്തിയെന്നു കരുതി കരയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാവേണ്ട കാര്യമില്ല. അതേസമയം, ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുഴക്കരയിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, നെന്മണിക്കര, അളഗപ്പനഗര്‍, തൃക്കൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലുള്ളവര്‍ക്ക് നേരത്തേ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നതായും മന്ത്രി അറിയിച്ചു.

ജലനിരപ്പ് ഉയരുന്നത് കാണാനും മറ്റുമായി പാലങ്ങളിലും പുഴയോരങ്ങളിലും നില്‍ക്കുന്നതും പുഴയെയും പുഴക്കരയെയും കളിക്കാനും മറ്റ് അനാവശ്യ കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥനത്ത് പൈതൃക ബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി, ഇരട്ടയാര്‍, കുണ്ടള, മൂഴിയാര്‍ എന്നീ ഡാമുകള്‍ റെഡ് അലേര്‍ട്ടിലാണ് ഇപ്പോള്‍ ഉള്ളത്. ബാണാസുര സാഗര്‍, കക്കി, ഷോളയാര്‍ അണക്കെട്ടുകള്‍ ഓറഞ്ച് അലേര്‍ട്ടിലും പമ്പ, മാട്ടുപ്പെട്ടി, പൊരിങ്ങല്‍ക്കുത്ത് ഡാമുകള്‍ ബ്ലൂ അലേര്‍ട്ടിലുമാണ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലവും പെയ്ത്ത് വെള്ളവും ഒഴുകിയെത്തുന്നത് കാരണം ഇടുക്കി അണക്കെട്ടിലെ ജലം ചെറിയ തോതില്‍ തുറന്നു വിടേണ്ടതുണ്ട്. നാളെ രാവിലെ മുതല്‍ 1600 ക്യുസെക്‌സ് വെള്ളം ഒഴിക്കിവിട്ട് ജലനിരപ്പ് മുന്നറിയിപ്പ് നിലയിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശം ഇതിനകം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജലസേചന വകുപ്പിന് കീഴിലുള്ള മീങ്കര, മംഗലം അണക്കെട്ടുകളും ഓറഞ്ച് ലെവലിലാണ്. മലമ്പുഴ ഡാം ഇതിനകം തുറന്നുകഴിഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.1 അടിയായി നിലനിര്‍ത്തുന്നതിന് 10 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 2122 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പനുസരിച്ച് അച്ചന്‍കോവില്‍ നദി മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. മണിമലയിലെ ജലനിരപ്പും മുന്നറിയിപ്പ് നിലയ്ക്കു മുകളിലാണെന്നും മന്ത്രി അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ജയരാജന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it